ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് തെറ്റായ പരാമർശങ്ങൾ നടത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. രാജസ്ഥാനിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയിലാണ് നടപടി.
‘താങ്കൾ പ്രധാനമന്ത്രിയുടെ വ്യക്തിപരവും മതപരവും ഭക്തിപരവുമായ കാര്യത്തെക്കുറിച്ച് തെറ്റായ പരാമർശം നടത്തിയതായി ആക്ഷേപമുണ്ട്. ഒരു വ്യക്തിയും ദൈവവും തമ്മിലുള്ള ബന്ധം, അയാളുടെ ഭക്തി പൊതു പരിശോധനയ്ക്ക് വിധേയമാക്കാൻ കഴില്ല. നിങ്ങളുടെ പ്രസ്താവന ഭക്തനെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള വിലയിരുത്തലിൽ അവമതിപ്പുണ്ടാകാൻ കാരണമാകും’. പ്രിയങ്ക ഗാന്ധിക്ക് നൽകിയ നോട്ടീസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. പ്രിയങ്ക നടത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.
കോൺഗ്രസുകാരുടെ പരാതിയിൽ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശർമ്മക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ ഒരേയൊരു മുസ്ലിം മന്ത്രി മുഹമ്മദ് അക്ബറിനെതിരെ പരാമർശം നടത്തിയെന്നാണ് പരാതി. ഭൂപേഷ് ബാഗൽ സർക്കാരിനെതിരെ ഹിമന്ദ നടത്തിയ പരാമർശവും വിവാദമായിരുന്നു. ‘നമുക്ക് പ്രിയപ്പെട്ട ഛത്തീസ്ഗഡിലെ ആദിവാസികൾ അവരുടെ മതം മാറാൻ പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. ആരെങ്കിലും അതിനെതിരെ ശബ്ദമുയർത്തുമ്പോൾ ഭൂപേഷ് ബാഗേൽ ജി പറയുന്നു ഞങ്ങൾ മതേതരരാണ് എന്ന്. ഹിന്ദുക്കളെ അടിക്കുന്നതാണോ നിങ്ങളുടെ മതേതരത്വം? ഈ രാജ്യം ഹിന്ദുക്കളുടെ രാജ്യമാണ്, ഹിന്ദുക്കളുടേതായിരിക്കും. ഞങ്ങളെ മതേതരത്വം പഠിപ്പിക്കരുത്, നിങ്ങളിൽ നിന്ന് ഞങ്ങൾ മതേതരത്വം പഠിക്കേണ്ടതില്ല’ എന്നാണ് ശർമ്മ പറഞ്ഞത്.
ഇരുനേതാക്കളോടും തിങ്കളാഴ്ച വൈകുന്നേരത്തിനകം വിശദീകരണം നൽകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. മറുപടി നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും നവംബറിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.
Discussion about this post