ഹൈദരാബാദ്: ബിആർഎസ് സർക്കാർ തെലങ്കാനയിലെ ദുർബല വിഭാഗങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൂര്യാപേട്ടില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ഒമ്പതര വർഷമായി ഭരണകക്ഷിയായ ബിആർഎസ് ദളിത്, ആദിവാസി, ഒബിസി വിഭാഗക്കാരെ വഞ്ചിക്കുകയാണ്. ഓരോ ദളിത് കുടുംബത്തിനും മൂന്ന് ഏക്കർ ഭൂമി വിതരണം ചെയ്യുന്നതുൾപ്പെടെ അവരുടെ ഉന്നമനത്തിനായി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ബിആർഎസ് പ്രവർത്തിക്കുന്നത് ദരിദ്രർക്കും ദുർബലർക്കും വിരുദ്ധമായാണെന്നും അദ്ദേഹം പറഞ്ഞു.
‘2014-ൽ തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ ഒരു ദളിത് വിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കുമെന്ന് ബിആർഎസ് അധ്യക്ഷൻ കെ ചന്ദ്രശേഖർ റാവു വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹം സൗകര്യപൂർവ്വം തന്റെ വാഗ്ദാനം അവഗണിച്ചു. തന്റെ പിൻഗാമിയായി മകൻ കെ ടി രാമറാവുവിനെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. കോൺഗ്രസും ബിആർഎസും ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ്. രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കാൻ കോൺഗ്രസും തന്റെ മകൻ കെ ടി രാമറാവുവിനെ മുഖ്യമന്ത്രിയാക്കാൻ ബിആർഎസിന്റെ ചന്ദ്രശേഖർ റാവുവും ആഗ്രഹിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ വികസനത്തിനും വേണ്ടി പരിശ്രമിക്കുന്ന ഏക പാർട്ടി ബിജെപിയാണ്’, അമിത്ഷാ കൂട്ടിച്ചേർത്തു.
Discussion about this post