തെരുവുനായ്ക്കളെക്കാൾ കൂടുതല്‍ ഇഡി ഉദ്യോഗസ്ഥരാണ് രാജ്യത്ത് അലഞ്ഞു നടക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കഴിഞ്ഞദിവസം രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കളുടെ വസതികളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രൂക്ഷമായ ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ സമയം അവസാനിച്ചു കൊണ്ടിരിക്കുന്നത് അറിയുന്നില്ലെന്നും ഗെലോട്ട് പറഞ്ഞു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ഗെലോട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 9 വർഷമായി പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്താൻ ഇഡി പോലുള്ള അന്വേഷണ ഏജൻസികളെ ബിജെപി ഉപയോഗിക്കുന്നു. നേതാക്കളെ ലക്ഷ്യം വെച്ച് ഈ അന്വേഷണ ഏജൻസികളെ ഇറക്കുകയാണ്. നേതാക്കൾ ബിജെപിയിൽ ചേരുന്നതോടെ എല്ലാ അഴിമതിയും മാഞ്ഞുപോകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോടാസ്രയുടെ വീട്ടിലാണ് കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഈ റെയ്ഡ്. വിദേശ ഇടപാട് കേസിൽ ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ടിനോട് ഒക്ടോബർ 30ന് ഡൽഹിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനും ഇഡി നിർദ്ദേശിച്ചിട്ടുണ്ട്. രാജസ്ഥാനിൽ നവംബർ 3നാണ് നിയമസഭാ തിരഞ്ഞെടുപ്പ്.
Discussion about this post