ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വേരുകള്‍ ഇറ്റലിയില്‍ ആണെന്നും ഇന്ത്യയില്‍ അല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ തിരഞ്ഞെടുപ്പ് റാലിയ്ക്കിടയില്‍ സംസാരിക്കവേയാണ് രാഹുലിനെയും പ്രിയങ്കയെയും അമിത് ഷാ പരിഹസിച്ചത്.
‘എല്ലായിടത്തും ആളുകള്‍ ഇന്ത്യയുടെ വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, രാജ്യം വാഴ്ത്തപ്പെടുന്നു, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്കാണ് നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പോസിറ്റീവ് കാര്യങ്ങള്‍ കാണുന്നില്ല. ഈ സഹോദരനും സഹോദരിയും രാജ്യത്തുടനീളം കറങ്ങി നടക്കുന്നുണ്ട്. എന്നിട്ട് എന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്നു. അവര്‍ക്ക് മനസ്സിലാകില്ല, കാരണം അവരുടെ വേരുകള്‍ ഇന്ത്യയില്‍ നിന്നല്ല. ഇറ്റലിയില്‍ നിന്നാണ്. കോണ്‍ഗ്രസ് രാമക്ഷേത്ര നിര്‍മാണം തടയുകയും തടസ്സപ്പെടുത്തുകയും ചെയ്യുകയാണ്. 2019ല്‍ മധ്യപ്രദേശിലെ ജനങ്ങള്‍ കുറേയധികം സീറ്റുകള്‍ നല്‍കി, മോദിയെ രണ്ടാമതും പ്രധാനമന്ത്രിയാക്കി, അദ്ദേഹം നിശബ്ദനായി പോയി രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ടു. ജനുവരിയില്‍ അവിടെ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുകയും ചെയ്യും’, ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് എംപി കമല്‍നാഥിന്റെ കോട്ടയായ ചിന്ദ്വാരയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് ഷാ മുന്‍ മുഖ്യമന്ത്രിക്കെതിരെയും ആഞ്ഞടിച്ചത്. കമല്‍നാഥിന്റെയും ദിഗ്വിജയ സിംഗിന്റെയും പിന്തുണക്കാര്‍ പരസ്പരം വസ്ത്രം കീറാന്‍ തയ്യാറാണ്. അത്തരമൊരു ഐക്യമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരു കുടുംബത്തിന് വേണ്ടിയുള്ള രാഷ്ട്രീയം കൊണ്ട് മധ്യപ്രദേശില്‍ പുരോഗതി കൈവരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നവംബര്‍ 17 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. 2018ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 109 സീറ്റുകള്‍ നേടിയപ്പോള്‍ 114 സീറ്റുകള്‍ നേടിയാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ ആറ് മന്ത്രിമാരുള്‍പ്പടെ 23 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കുകയും സര്‍ക്കാര്‍ ന്യൂനപക്ഷമായി ചുരുങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് 2020ല്‍ കമല്‍ നാഥിന് രാജിവെക്കേണ്ടി വരുകയായിരുന്നു. പിന്നീട് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വരികയായിരുന്നു.
Discussion about this post