കൊൽക്കത്ത: വ്യാജ പാസ്‌പോർട്ടിലൂടെ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി സംശയിക്കുന്നുവെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ട് ഒൻപത് ദിവസം പിന്നിടുന്നു. ഭീകരരെന്ന് സംശയിക്കുന്ന 70 പേരടങ്ങുന്ന സംഘം നേപ്പാൾ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടന്നതായാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയത്. നിരോധിത തീവ്രവാദ സംഘടനകളായ ജമാത്ത് ഉൾ മുജാഹിദീൻ ബംഗ്ലാദേശ് , (ജെഎംബി),ഐ എസ് ഐ എന്നിവയിൽപ്പെട്ട ഭീകരർ ആണ് നുഴഞ്ഞു കയറിയതെന്നാണ് കേന്ദ്ര സുരക്ഷാ ഏജൻസികൾ കരുതുന്നത് .
നിലവിൽ ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കുകയൂം, അതിർത്തി പ്രദേശങ്ങളിൽ ഭൂരിഭാഗവും മുള്ളുകമ്പികളാൽ നിയന്ത്രിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ഒരു പരിധി വരെ ഇതുവഴിയുള്ള നുഴഞ്ഞുകയറ്റം ഇല്ലാതാക്കിയിട്ടുണ്ട്. എങ്കിലും ഇടയ്ക്കിടെ നുഴഞ്ഞുകയറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. പാകിസ്ഥാൻ അതിർത്തിയിലേക്കുള്ള നുഴഞ്ഞുകയറ്റം ഏറെക്കുറെ അസാധ്യമാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ, നുഴഞ്ഞുകയറ്റത്തിനായി അക്രമികൾ നേപ്പാൾ അതിർത്തിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത് . ഇത്തരത്തിൽ നുഴഞ്ഞു കയറിയ ഭീകരവാദികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കടന്നതായി വിവരമുണ്ട്.
നുഴഞ്ഞുകയറിയ ഭീകരവാദികളെ കണ്ടെത്തുന്നതിനായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ഏജൻസികൾ പരിശോധന നടത്തിവരികയാണ്. അടുത്തിടെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) കേന്ദ്ര സുരക്ഷാ ഏജൻസികളും പശ്ചിമ ബംഗാളിലെയും സിക്കിമിലെയും നിരവധി സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാജ പാസ്‌പോർട്ട് നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട് . ദേശീയ അന്വേഷണ ഏജൻസിയുമായും കൊൽക്കത്ത പോലീസുമായും സിബിഐ ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തുകയും വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു.
Discussion about this post