തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ അടിയന്തര സേവന നമ്പറായ 108-ലേക്ക് എത്തുന്ന വ്യാജ കോളുകളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. മദ്യപിച്ച് ബോധമില്ലാത്തവരും കുട്ടികളുമുൾപ്പെടെ 108-ലേക്ക് അനാവശ്യമായി വിളിക്കാറുണ്ടെന്ന് കോൾ സെന്റർ ജീവനക്കാർ പറയുന്നു. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
2020 ജനുവരി 1 മുതൽ 2023 ഒക്ടോബർ വരെ 45,32,000 കോളുകളാണ് 108-ലേക്ക് വന്നത്. ഇതിൽ 27,93,000 കോളുകളും അനാവശ്യമായിരുന്നു. ഇവയിൽ ചിലതെല്ലാം യഥാർത്ഥ പ്രശ്‌നമാണെന്ന ധാരണയിൽ ആംബുലൻസ് ചെല്ലുകയും സ്ഥലത്തെത്തിയ ശേഷം തിരിച്ചു പോരേണ്ട അവസ്ഥ വരികയും ചെയ്തിട്ടുണ്ട്. അമ്മമാർ കുഞ്ഞുങ്ങൾക്ക് ലോക്ക് ചെയ്ത് നൽകുന്ന മൊബൈൽ ഫോണിൽ നിന്നു കുഞ്ഞുങ്ങളും 108 ലേക്ക് വിളിക്കാറുണ്ട്. ലോക്ക് ചെയ്ത ഫോണിൽ നിന്നും 108 ലേക്ക് വിളിക്കാൻ കഴിയും.
പൊലീസ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ വിലപ്പെട്ട സമയം പാഴാകുമെന്നാണ് ജീവനക്കാർ പറയുന്നത്. സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
Discussion about this post