കൊൽക്കത്ത: പശ്ചിമബംഗാളിലെ സിംഗൂരിൽ നാനോ കാർനിർമാണശാല പൂട്ടിച്ച കേസിൽ സംസ്ഥാനസർക്കാർ ടാറ്റ മോട്ടോഴ്‌സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രേഷൻ ട്രിബ്യൂണൽ വിധിച്ചു. 2016 സെപ്റ്റംബർമുതൽ 11 ശതമാനം പലിശസഹിതമാണ് മൂന്നംഗ ട്രിബ്യൂണൽ നഷ്ടപരിഹാരം വിധിച്ചത്. വെസ്റ്റ് ബംഗാൾ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ നഷ്ടപരിഹാരം നൽകണമെന്നാണ് ട്രിബ്യൂണലിന്റെ ഏകകണ്ഠമായ വിധിയിൽ വ്യക്തമാക്കുന്നത്.
സിംഗൂരിൽ, തങ്ങളുടെ കാർ നിർമ്മാണ പ്ലാന്റ് അടച്ചുപൂട്ടേണ്ടിവന്നതിൽ തങ്ങൾക്ക് ഭീമമായ നഷ്ടം സംഭവിച്ചുവെന്ന് കാണിച്ചാണ് ടാറ്റ മോട്ടേഴ്സ് ഹർജി നൽകിയത്. സിംഗൂരിൽ 1000 കോടി രൂപയിലധികം മുതൽമുടക്കിയിരുന്നെന്നാണ് കമ്പനി പറയുന്നത്.
തൃണമൂൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്ലാന്റിനെതിരെ സമരം നടന്നത്.
പ്രക്ഷോഭത്തെ തുടർന്ന്, ടാറ്റ തങ്ങളുടെ കാർ നിർമ്മാണ കമ്പനി ഗുജറാത്തിലേക്ക് മാറ്റിയിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം ആയിരുന്നു ടാറ്റ ഗ്രൂപ് പ്ലാന്റ് ഗുജറത്തിലെ സാനന്ദിലേക്ക് മാറ്റിയത്. ഒരുലക്ഷം രൂപയ്ക്ക് കാറെന്ന രത്തൻ ടാറ്റയുടെ സ്വപ്നപദ്ധതിയാണ് ബംഗാളിൽ തുടങ്ങാൻ ശ്രമം നടത്തിയത്.
സിംഗൂർ പ്രക്ഷോഭത്തെ തുടർന്നാണ് മമത ബാനർജി സർക്കാർ ബംഗാളിൽ അധികാരത്തിൽ വന്നത്. സി.പി.എം. നേതൃത്വത്തിലുള്ള അന്നത്തെ ഇടതുമുന്നണിസർക്കാർ പദ്ധതിക്കായി 1000 ഏക്കറോളം കൃഷിഭൂമി ഏറ്റെടുത്തിരുന്നു. മമത മുഖ്യമന്ത്രിയായശേഷം കോടതി ഉത്തരവിനെത്തുടർന്ന് ടാറ്റയിൽനിന്ന് ഭൂമി തിരിച്ചെടുത്തു. അതിന്റെ ഉടമസ്ഥർക്ക് ഭാഗികമായി തിരികെനൽകി. ടാറ്റയെ സിംഗൂരിൽനിന്ന് തുരത്തിയത് താനല്ല, സി.പി.എം. ആണെന്നാണ് കഴിഞ്ഞവർഷം മമത അവകാശപ്പെട്ടത്.
Discussion about this post