ന്യൂഡൽഹി∙ കേന്ദ്രസർക്കാർ ഫോണും ഇമെയിലും ഹാക്ക് ചെയ്യുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആപ്പിൾ കമ്പനിതന്നെ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും, തന്റെ ഓഫിസിലുള്ളവർക്കും ആപ്പിളിന്റെ അലർട്ട് കിട്ടിയെന്നും രാഹുൽ ആരോപിച്ചു കെ.സി. വേണുഗോപാൽ, അഖിലേഷ് യാദവ് എന്നിവർക്കും സന്ദേശം ലഭിച്ചുവെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
‘‘അദാനിക്കു വേണ്ടിയാണ് കേന്ദ്ര സർക്കാർ ഇത് ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ ആത്മാവ് അദാനിയിലാണ്. ഒന്ന് അദാനി, രണ്ട് മോദി, മൂന്ന് അമിത് ഷാ അതാണ് ഇപ്പോൾ ഇന്ത്യയുടെ രാഷ്ട്രീയം. എത്രവേണമെങ്കിലും ചോർത്തിക്കോളൂ, ഭയമില്ല. അദാനിക്കെതിരായ പോരാട്ടം തുടരും. രാജ്യത്തിന്റെ അധികാരത്തിൽ ഒന്നാമൻ അദാനിയാണ്. മോദിയുടെയും അമിത് ഷായുടെയും സ്ഥാനം അദാനിക്കു പിന്നിലാണ്. വിമാനത്താവളങ്ങളും വ്യവസായങ്ങളും അദാനിക്കു തീറെഴുതി’’ – രാഹുൽ ആരോപിച്ചു.
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് എംപി ശശി തരൂർ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം പവൻ ഖേര, ശിവസേന (ഉദ്ധവ്) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി തുടങ്ങിയവരും ആരോപണവുമായി രംഗത്തെത്തിയിരുന്നു. ആപ്പിൾ കമ്പനിയിൽനിന്നു ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ എക്സ് പ്ലാറ്റ്‌ഫോമിൽ ഇവര്‍ പങ്കുവച്ചു. രാഹുൽ ഗാന്ധിയുടെ ഓഫിസിലെ മൂന്നുപേരുടെ ഫോൺവിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം
Discussion about this post