ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി.36-ാം തവണയാണ് ലാവലിൻ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്.
സിബിഐയുടെ മുതിർന്ന അഭിഭാഷകൻ ഹാജരാവാത്തതിനെത്തുടർന്നാണ് ഇന്നു കേസ് മാറ്റിവച്ചത്.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന പുതിയ തീയ്യതി അറിയിച്ചിട്ടില്ല.
2017ൽ ആണ് ലാവ്ലിൻ കേസ് സുപ്രീംകോടതിയിലെത്തിയത്.
കേസ് ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബർ പത്തിനും കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
Discussion about this post