കോഴിക്കോട്: ജാനകിക്കാട് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. ഒന്ന്, മൂന്ന്, നാല് പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ. രണ്ടാം പ്രതിക്ക് 30 വർഷം തടവും വിധിച്ചു. നാദാപുരം പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കുറ്റ്യാടി സ്വദേശി തെക്കേപറമ്പത്ത് സായൂജ്, രണ്ടാം പ്രതി പാറച്ചാലിലടുക്കത്ത് ഷിബു, മൂന്നാം പ്രതി മൂലോത്തറ തമ്മഞ്ഞിമ്മൽ രാഹുൽ, നാലാം പ്രതി കായക്കുടി ആക്കൽ അക്ഷയ് എന്നീ പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്.
2021 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 17 കാരിയായ വിദ്യാർഥിനിയെ പ്രണയം നടിച്ച് ഒന്നാം പ്രതി സായൂജ് വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടിലെത്തിക്കുകയും ജ്യൂസിൽ ലഹരിമരുന്ന് നൽകി പെൺകുട്ടിയെ അബോധാവസ്ഥയിലാക്കിയ ശേഷം നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിനു ശേഷം അവശയായ പെൺകുട്ടിയെ വീടിനു സമീപം ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തു. മാനസികമായും ശാരീരികമായും തളർന്ന കുട്ടി കുറ്റ്യാടി പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്നാണ് സംഭവം പുറംലോകമറിയുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതും. പോക്സോ. എസ്.സി.-എസ്.ടി ആക്ട് ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഒന്നാം പ്രതി 1,75000 രൂപ പിഴയും രണ്ടാം പ്രതി ഒരു ലക്ഷം രൂപയും മൂന്നും നാലും പ്രതികൾ 1,50000 വീതവും പിഴ അടയ്ക്കണം.
Discussion about this post