തിരുവനന്തപുരം: ബസുകളിലും ലോറികളിലും നാളെ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. ഹെവി വാഹനങ്ങൾ സീറ്റ് ബെൽറ്റിടാതെ ഓടിച്ചാൽ നാളെമുതൽ എ.ഐ കാമറയുടെ പിടിവീഴും. ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റിന് സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിന് മുന്നോടിയായി ഇവ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ എ.ഐ. ക്യാമറയിൽ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗതാഗത കമ്മിഷണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കെൽട്രോണാണ് ഈ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് സൂചന.
സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിനുള്ള കാലാവധി നേരത്തെ നീട്ടിയിരുന്നെങ്കിലും ഇനി കാലാവധി നീട്ടുന്ന ഒരു സാഹചര്യമുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഹെവി വാഹനത്തിലെ ഡ്രൈവർക്കും സഹായിക്കും സീറ്റ്ബെൽറ്റ് വേണമെന്ന നിർദ്ദേശത്തിന് നേരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സർക്കാർ നിർദ്ദേശമനുസരിച്ച് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് ഒഴികെ എല്ലാ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് ഉണ്ടാവണം.
കേന്ദ്രനിയമമനുസരിച്ച് ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്. മിക്ക ഹെവി വാഹനങ്ങളും നിലവിൽ പുറത്തിറങ്ങുമ്പോൾ ഡ്രൈവർ സീറ്റിനോട് ചേർന്ന് സീറ്റ് ബെൽറ്റ് ഉണ്ടെങ്കിലും ഡ്രൈവർമാർ ഇവ ധരിക്കാറില്ല. നാളുകൾക്കകം ഇവ നീക്കം ചെയ്യുകയോ ആണ് പതിവ്. കെ.എസ്.ആർ.ടി.സി ബസുകളിൽ സീറ്റ്‌ബെൽറ്റ് ഘടിപ്പിക്കുന്ന പദ്ധതി ഇതിനോടകം പൂർത്തീകരിച്ചെങ്കിലും കാമറ ഘടിപ്പിക്കൽ പൂർത്തിയായിട്ടില്ല. അതേസമയം സാമ്പത്തിക പരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സ്വകാര്യ ബസുകളുടെ കാര്യത്തിൽ അനശ്ചിതത്വം തുടരുകയാണ്.

