കൊച്ചി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം വൈകിച്ചെന്ന കേരളത്തിൻ്റെ ആരോപണം തെറ്റൊണെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഹെഡ് മാസ്റ്റർമാർ ഫയൽ ചെയ്ത കേസുകളിൽ, കേന്ദ്ര വിഹിതം വൈകുന്നതാണ് പ്രശ്നമെന്ന് കേരള സർക്കാർ ആരോപിച്ചിരുന്നു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനു ഈ ആരോപണം തെറ്റാണെന്ന് കോടതിയെ അറിയിച്ചു.
കേന്ദ്ര വിഹിതത്തിനായുള്ള ഈ വർഷത്തെ അപേക്ഷ കേരളം നൽകിയത് ജൂലൈ നാലിനാണ്. ആവശ്യമായ ചെക്ക് ലിസ്റ്റ് ജൂലൈ 13നും നൽകി. മുൻ വർഷത്തെ അധികം കേന്ദ്ര വിഹിതവും സംസ്ഥാനത്തിൻ്റെ ആനുപാതിക വിഹിതവും ഉച്ചഭക്ഷണ പദ്ധതിയുടെ നോഡൽ അക്കൗണ്ടിലേക്ക് കേരളം മാറ്റിയിരുന്നില്ല. കേന്ദ്ര മന്ത്രാലയം ഇക്കാര്യവും മറ്റു ചില തകരാറുകളും ഓഗസ്റ്റ് 8ന് ചൂണ്ടിക്കാട്ടി. എന്നാൽ ഫണ്ട് പദ്ധതിയുടെ നോഡൽ അക്കൗണ്ടിലേക്ക് കേരളം നിക്ഷേപിച്ചത് സെപ്റ്റംബർ 13ന് മാത്രമാണ്. വിശദീകരണം കേന്ദ്രത്തിന് ഇ മെയിൽ വഴി നൽകിയത് സെപ്റ്റംബർ 15നുമാണ്. ഇതു ലഭിച്ചയുടൻ തന്നെ കേന്ദ്ര വിഹിതത്തിൻ്റെ ആദ്യ ഗഡു നൽകാൻ നടപടിയെടുക്കുകയും സെപ്റ്റംബർ 22ന് തുക നൽകുകയും ചെയ്തുവെന്ന് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
കേരള സർക്കാരിൻ്റെ വീഴ്ച്ചകൾ മൂലമാണ് വിഹിതം ജൂലൈ മാസത്തിൽ തന്നെ നൽകാൻ കഴിയാതിരുന്നതെന്നും കേന്ദ്രം അറിയിച്ചു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാർ അഭിഭാഷകൻ സമയമാവശ്യപ്പെട്ടു. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
Discussion about this post