കൊൽക്കത്ത: ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ 204 റൺസിലൊതുക്കി പാകിസ്താൻ. ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ ഷാക്കിബിനും സംഘത്തിനും കഴിഞ്ഞില്ല. അർധ സെഞ്ച്വറി നേടിയ മഹ്‌മദുള്ളയാണ് ടോപ് സ്‌കോറർ. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദിയും മുഹമ്മദ് വസീമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഹാരിസ് റൗഫ് രണ്ട് വിക്കറ്റെടുത്തു.
പതർച്ചയോടെയായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. ഇന്നിംഗ്‌സിലെ അഞ്ചാം പന്തിൽ ഓപ്പണർ തൻസിദ് ഹസനെ (0) വിക്കറ്റിന് മുന്നിൽ കുരുക്കി ഷഹീൻ അഫ്രീദിയാണ് ബൗളിംഗ് ആക്രമണത്തിന് തുടക്കം കുറിച്ചത്. പിന്നീട് ചെറിയ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. വൺ ഡൗണായി എത്തിയ നജ്മുൽ ഹൊസൈൻ ഷാന്റോയുടെയും (4) മുഷ്ഫിഖർ റഹീമിന്‍റെയും (5) മടക്കം അതിവേഗമായിരുന്നു. ഓപ്പണർ ലിറ്റൺ ദാസ് മാത്രമാണ് മുൻനിരയിൽ രണ്ടക്കം കടന്നത്.
നാലാം വിക്കറ്റിൽ 79 റൺസ് കൂട്ടിച്ചേർത്ത ലിറ്റൺ ദാസും മഹ്‌മദുള്ളയും ബംഗ്ലാദേശിന് പുതുജീവൻ നൽകുമെന്ന് തോന്നിപ്പിച്ചു. എന്നാൽ 21-ാം ഓവറിൽ ലിറ്റൺ ദാസിനെ പുറത്താക്കി ഇഫ്തീഖർ അഹമ്മദ് കൂട്ടുകെട്ട് തകർത്തു. 64 പന്തിൽ നിന്ന് ആറ് ബൗണ്ടറിയക്കം 45 റൺസാണ് ലിറ്റൺ ദാസിന്റെ സമ്പാദ്യം. ബംഗ്ലാദേശ് സ്‌കോർ 100 കടത്തിയാണ് ലിറ്റൺ ദാസ് മടങ്ങിയത്.
Discussion about this post