കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍റെ തിരിച്ചറിയൽ പരേഡിന് പൊലീസ് ഇന്ന് അപേക്ഷ നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. സാക്ഷികളെ കാക്കനാട് ജയിലിൽ എത്തിച്ച് പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തുകയാണ് ലക്ഷ്യം. മാർട്ടിൻ കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ ഇന്ന് ഫോറെൻസിക്ക് പരിശോധനയ്ക്കായി കൈമാറും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്.മാർട്ടിൻ വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്തെ വിവരങ്ങളും തേടുന്നുണ്ട്. നവംബർ 29 വരെയാണ് മാർട്ടിനെ എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്. കളമശ്ശേരി സ്ഫോടന കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പ്രതിയെ റിമാന്‍ഡില്‍ വിട്ടത്. മാര്‍ട്ടിനെ കാക്കനാട് ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡിൽ വിട്ടത്. കേസില്‍ അഭിഭാഷകന്‍റെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാർട്ടിന്‍ കോടതിയില്‍ പറഞ്ഞു. കേസ് സ്വയം കേസ് വാദിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. പൊലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.
തെളിവെടുപ്പിന് ശേഷമാണ് പ്രതി ഡൊമിനിക്ക് മാർട്ടിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ബോംബ് നിർമിച്ചത് മാർട്ടിൻ തനിച്ചാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതി അതീവ ബുദ്ധിശാലിയാണെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി. ചെയ്തത് എന്തൊക്കെയാണെന്ന് ഇയാൾ തന്നെ അക്കമിട്ട് പറഞ്ഞിട്ടുള്ള സാഹചര്യത്തിൽ തെളിവുകളുമായി വച്ച് അത് ഒത്തുപോകുന്നുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഐഇഡി നിർമിച്ചതിന്റെ അവശിഷ്ടങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെട്രോൾ സൂക്ഷിച്ച കുപ്പിയും കണ്ടെടുത്തു.
Discussion about this post