ലോകകപ്പിൽ ഇന്ന് കരുത്തന്മാർ തമ്മിൽ ഏറ്റുമുട്ടും.പോയിൻ്റ് പട്ടികയിൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡുമാണ് ഇന്ന് പരസ്പരം ഏറ്റുമുട്ടുക. 6 മത്സരങ്ങളിൽ അഞ്ച് മത്സരം വിജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 10 പോയിൻ്റും 6 മത്സരങ്ങളിൽ നാല് മത്സരം വിജയിച്ച ന്യൂസീലൻഡിന് 8 പോയിൻ്റുമാണ് ഉള്ളത്.
നെതർലൻഡ്സിനെതിരെ നേരിട്ട അപ്രതീക്ഷിത അട്ടിമറി മാറ്റിനിർത്തിയാൽ ദക്ഷിണാഫ്രിക്ക തകർപ്പൻ പ്രകടനങ്ങളാണ് നടത്തുന്നത്. എട്ടാം നമ്പറിൽ, കേശവ് മഹാരാജ് വരെ നീളുന്ന ബാറ്റിംഗ് നിരയാണ് അവരുടെ കരുത്ത്. ടോപ്പ് ഓർഡറിൽ ക്വിൻ്റൺ ഡികോക്കിൻ്റെയും മിഡിൽ ഓർഡറിൽ ഹെൻറിച് ക്ലാസൻ്റെയും സ്ഥിരതയാർന്ന പ്രകടനങ്ങൾ അവരുടെ പ്രകടനങ്ങളെ സഹായിക്കുന്നുണ്ട്. ബാറ്റിംഗ് നിരയിൽ എല്ലാവരും ഫോമിലാണ്. അതും ആക്രമണ ക്രിക്കറ്റാണ് ദക്ഷിണാഫ്രിക്കയുടെ രീതി. ബൗളിംഗ് നിരയും ഭേദപ്പെട്ടതാണെങ്കിലും അത്ര മികച്ചതല്ല. ഏത് ടോട്ടലും അടിച്ചെടുക്കാൻ കഴിവുള്ള ബാറ്റിംഗ് നിരയെ തന്നെയാവും ദക്ഷിണാഫ്രിക്ക ഈ കളിയിലും വിശ്വസിക്കുക.

