മുംബൈ: മലിനീകരണ തോത് ഉയര്‍ത്തുമെന്നതിനാല്‍ മുംബൈയിലും ഡല്‍ഹിയിലും നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ കരിമരുന്ന് പ്രയോഗം ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ.). മുംബൈയിലെ മോശമാകുന്ന വായുഗുണനിലവാരം ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുകയും, സ്വമേധയാ നടപടികള്‍ ആരംഭിക്കുകയും ചെയ്ത അതേ ദിവസമാണ് ബിസിസിഐയുടെ പ്രഖ്യാപനം.
പാരിസ്ഥിതിക പ്രശ്‌നങ്ങളോട് പോരാടാന്‍ ബോര്‍ഡ് പ്രതിബദ്ധരാണെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ പറഞ്ഞു. “മുംബൈയിലും ഡല്‍ഹിയിലും വായുവിന്റെ ഗുണനിലവാരം സംബന്ധിച്ചുള്ള ആശങ്കകള്‍ ബി.സി.സി.ഐ. മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ മുംബൈയിലും ഡൽഹിയിലും നടക്കുന്ന മത്സരങ്ങളിൽ കരിമരുന്ന് പ്രയോഗം ഉണ്ടാകില്ല. ക്രിക്കറ്റിന്റെ ആഘോഷമെന്ന നിലയില്‍ ലോകകപ്പ് നടത്തും. തങ്ങളുടെ ആരാധകരുടെയുംപങ്കാളികളുടെയും താത്പര്യങ്ങള്‍ക്കാണ് എപ്പോഴും മുന്‍ഗണന നല്‍കുക. അവരുടെ സുരക്ഷ ഉറപ്പാക്കും’ – അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് അനുസരിച്ച് ചൊവ്വാഴ്ച മുംബൈയിലെ വായു ഗുണനിലവാര സൂചിക 172 ആണ്. വ്യാഴാഴ്ച മുംബൈ വാങ്കെഡെ സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യ ശ്രീലങ്കയെ നേരിടും. തിങ്കളാഴ്ച ഡല്‍ഹി ഫിറോസ് ഷാ കോട്ട്‌ലയില്‍ വെച്ചാണ് ശ്രീലങ്ക – ബംഗ്ലാദേശ് മത്സരം.

