ബംഗളൂരു: ബംഗളൂരു നഗരത്തിലെ മാളിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് . സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ തിരിച്ചറിഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത് . മാളിൽ വെച്ച് പെൺകുട്ടിയോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ, സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു .ഇതിന് പിന്നാലെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ബസവേശ്വര നഗർ സ്വദേശി അശ്വത് നാരായൺ (60) ആണ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. അതേ സമയം പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ പ്രതി തന്റെ വീട്ടിൽ നിന്ന് മാറിയതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ മനപൂർവ്വം സ്പർശിക്കുന്ന വീഡിയോ വൈറലായതോടെ കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്ന് സമൂഹ മാധ്യമങ്ങളിൽ അവശ്യമുയർന്നിരുന്നു.
മാളിന്റെ മാനേജരും പോലീസിൽ പരാതി നൽകിയിട്ടുണ്ട് . പ്രധാന അധ്യാപകനായി ജോലി ചെയ്തിരുന്ന പ്രതി എട്ട് മാസം മുമ്പ് വിരമിച്ചതായി പോലീസ് അറിയിച്ചു .വീട് പൂട്ടി ഒളിവിൽപോയ അശ്വതിന് വേണ്ടി മഗഡി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

