റായ്പുര്‍: ഛത്തീസ്ഗഢില്‍ നാല് ഗ്രാമീണരെ കമ്മ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നക്‌സല്‍ ബാധിത പ്രദേശങ്ങളിൽ നടത്തുന്ന സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അക്രമസംഭവം. കാംകേറിലാണ് ആദ്യ സംഭവം നടന്നത്.
പഖഞ്ചുരിലെ മൊര്‍ഖാന്ദി ഗ്രാമനിവാസികളായ കുല്ലെ കത്‌ലാമി (35), മനോജ് കൊവാച്ചി (22), ദുഗ്ഗെ കൊവാച്ചി (27) എന്നിവരാണ് ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപെട്ടത്. സി-60 കമാന്‍ഡോകള്‍ക്ക് വിവരം ചോര്‍ത്തി നല്‍കുന്നവരാണ് , കൊല്ലപ്പെട്ടവർ എന്ന് ആരോപിക്കുന്ന ലഘുലേഖകള്‍ അക്രമികള്‍ സ്ഥലത്ത് വിതറിയിരുന്നു. ബിജാപൂര്‍ സ്വദേശിയായ മുചാകി ലിംഗ (40) ആണ് രണ്ടാമത്തെ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഒറ്റുകാരനെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെയും കമ്മ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയത്. കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം റോഡരികിലേക്ക് വലിച്ചെറിയുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഛത്തീസ്ഗഡില്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ കമ്മ്യൂണിസ്റ്റ് ഭീകരർ 1700-ലേറെ സാധാരണക്കാരെ കൊന്നിട്ടുണ്ടെന്നാണ് കണക്ക്. ഭീകരവാദികളെ പിടികൂടാനായുള്ള കോംബിങ് ദൗത്യങ്ങള്‍ സുരക്ഷാസേന ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Discussion about this post