പാലക്കാട്: മുസ്ലിം ലീഗ്, കോൺഗ്രസ്സിന്റെ കക്ഷത്തിലെ കീറ സഞ്ചിയല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ. കോൺഗ്രസ്സിന്റെ നിലപാടുകൾക്ക് വിരുദ്ധമായി പലസ്തീൻ വിഷയത്തിൽ ലീഗ് എടുത്ത നിലപാട് കേരളരാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും എകെ ബാലൻ അഭിപ്രായപ്പെട്ടു.
പ്രധാനപ്പെട്ട വിഷയങ്ങളിൽ അന്തസ്സുള്ള നിലപാടാണ് ലീഗ് സ്വീകരിക്കാറുള്ളത്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവരോട് ഞങ്ങൾക്ക് പലപ്പോഴും വ്യത്യസ്ഥ നിലപാടുകൾ ഉണ്ടായിരുന്നു.എന്നാൽ പലപ്പോഴും, സിപിഎം സ്വീകരിക്കുന്ന നിലപാടുകളോട് ലീഗ് എന്നും അനുകൂല സമീപനം ആണ് സ്വീകരിക്കാറുള്ളത്. പലസ്തീൻ വിഷയത്തിൽ ഗോവിന്ദൻ മാസ്റ്റർ നടത്തിയ പരാമർശത്തെ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചപ്പോൾ മുസ്ലിം ലീഗ് എടുത്ത നിലപാട് അഭിനന്ദനീയം ആണ് . അദ്ദേഹം അഭിപ്രായപ്പെട്ടു
പലസ്തീൻ പ്രശ്നത്തിൽ, സിപിഎം സംഘടിപ്പിക്കുന്ന റാലിക്ക് വരാമെന്ന അനുകൂല നിലപാടാണ് ലീഗ് നേതാക്കൾ പ്രകടിപ്പിച്ചത് .നേരത്തെ യൂണിയൻ സിവില്കോഡുമായി ബന്ധപ്പെട്ട സെമിനാറിന് ലീഗ് വരാതിരുന്നത് യുഡിഎഫ് നിലപാടിന് വിരുദ്ധമായി എങ്ങിനെ നിലപാട് എടുക്കും എന്ന് കരുതിയിട്ടാണെങ്കിൽ, ഇപ്പോൾ അവർ പലസ്തീൻ വിഷയത്തിൽ ശക്തമായ നിലപാട് എടുത്തിരിക്കുകയാണ് . ഇത് കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എകെ ബാലൻ വ്യക്തമാക്കി
Discussion about this post