തൃശ്ശൂർ: കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വീണ്ടും നടത്താൻ ആവശ്യപ്പെട്ട് കെഎസ്‌യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പിനെതിരെ കെഎസ്‌യു സംസ്ഥാന കമ്മിറ്റി പ്രതിഷേധം ശക്തമാക്കി. റീ ഇലക്ഷൻ നടത്തുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. കേരളവർമ്മ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചു എന്ന് ആരോപിച്ചും കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും ആണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നത്. ആദ്യ വോട്ടെടുപ്പിൽ ജയിച്ച ശ്രീക്കുട്ടന്റെ വോട്ടുകൾ റീക്കൗണ്ടിങ്ങിൽ അസാധുവായത് എങ്ങനെ എന്നാണ് അലോഷ്യസിന്റെ ചോദ്യം.
ഇടത് അനുകൂല അധ്യാപകർ എസ്എഫ്ഐയെ ജയിപ്പിച്ചെടുത്തു എന്ന് ആരോപണവുമുണ്ട്. നീതി ലഭിക്കും വരെ മുൻപോട്ടു പോകാനാണ് തീരുമാനം എന്നും റീ ഇലക്ഷൻ പ്രഖ്യാപിക്കുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും അലോഷ്യസ് പറഞ്ഞു.
എസ്എഫ്ഐ കോട്ടകൾ പിടിച്ചെടുത്ത കെഎസ്‌യു മുന്നേറ്റം പുതിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്നും അലോഷ്യസ് വ്യക്തമാക്കി. കെഎസ്‌യു നടത്തുന്ന പ്രത്യക്ഷ സമരത്തിൽ ടി സിദ്ദിഖ് എംഎൽഎ, മുൻ സ്പീക്കർ തേരമ്പിൽ രാമകൃഷ്ണൻ എന്നിവർ പിന്തുണയുമായി സമരപ്പന്തലിൽ എത്തി. കോൺഗ്രസിന്റെ പ്രധാന നേതാക്കൾ സമരപ്പന്തലിൽ എത്തും.
Discussion about this post