ന്യൂഡല്‍ഹി: പങ്കാളിത്ത പെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ചീഫ് സെക്രട്ടറി ഡോ. വേണുവിനോട് നവംബര്‍ പത്തിന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി. കോടതി നടപടികളെ ലാഘവത്തോടെ കാണരുതെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
റിപ്പോർട്ട് പുറത്തുവിടാത്ത സർക്കാർ നിലപാടിനെതിരേ സി.പി.ഐ സംഘടനയായ ജോയന്റ് കൗൺസിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ കോടതി വിളിച്ചുവരുത്താനുള്ള കോടതി തീരുമാനം. വിഷയത്തിൽ ഇതുവരെ സ്വീകരിച്ച മുഴുവൻ നടപടികളും അദ്ദേഹം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വിമര്‍ശനം തങ്ങള്‍ ഉന്നയിക്കുന്നത് അഭിഭാഷകര്‍ക്കെതിരെയല്ലെന്നും മറിച്ച് മുഖ്യമന്ത്രിക്കെതിരെയാണെന്നും കോടതി വാക്കാൽ പരാമർശിച്ചു. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ചീഫ് സെക്രട്ടറിയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് കൈമാറാത്ത പക്ഷം അദ്ദേഹം നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.
കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിനായി വിവരാവകാശ നിയമപ്രകാരം ജോയന്റ് കൗൺസിൽ പ്രതിനിധി അപേക്ഷിച്ചിരുന്നു. ഇത് നൽകാത്തതാണ് സുപ്രീം കോടതിവരെ നീളുന്ന നിയമപോരാട്ടത്തിലെത്തിയത്. കേസിൽ വെള്ളിയാഴ്ചയ്ക്കകം സർക്കാർ വ്യക്തമായ മറുപടി നൽകണമെന്ന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്ന് 2016-ൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പുവാഗ്ദാനം നൽകിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് ജസ്റ്റിസ് എസ്. സതീഷ്ചന്ദ്ര ബാബു കമ്മിറ്റി രണ്ടുവർഷം മുമ്പാണ് സർക്കാരിന് നൽകിയത്.
ജോയന്റ് കൗൺസിൽ നൽകിയ വിവരാവകാശ അപേക്ഷയും സർക്കാർ നിരാകരിച്ചിരുന്നു. എന്നാൽ, റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ അനുകൂല ഉത്തരവ് വാങ്ങി. ഇതിനെതിരേ നൽകിയ അപ്പീലാണ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
Discussion about this post