ന്യൂഡൽഹി∙ കോടതി മുറിയിൽ ‘മൈ ലോഡ്’ എന്ന് അഭിസംബോധന ചെയ്യുന്നതിൽ അനിഷ്ടം രേഖപ്പെടുത്തി സുപ്രീം കോടതി ജഡ്ജി. വിചാരണ നടപടികൾക്കിടെ അഭിഭാഷകർ നിരവധി തവണ ‘മൈ ലോഡ്’, ‘യുവർ ലോഡ്ഷിപ്’ എന്ന് അഭിസംബോധന ചെയ്യുന്നതിലാണ് ജസ്റ്റിസ് പി.എസ്.നരസിംഹ അനിഷ്ടം പ്രകടിപ്പിച്ചത്. ‘‘എത്ര തവണയാണ് നിങ്ങൾ ‘മൈ ലോഡ്സ്’ എന്നു പറയുന്നത്. നിങ്ങൾ ഈ വിളി നിർത്തുകയാണെങ്കിൽ എന്റെ ശമ്പളത്തിന്റെ പകുതി നൽകിയേക്കാം’’ എന്നാണ് അദ്ദേഹം പറഞ്ഞത്. ജസ്റ്റിസ് എ.എസ്.ബൊപ്പണ്ണയ്ക്കൊപ്പം കേസിൽ വാദം കേൾക്കവേയാണ് മുതിർന്ന അഭിഭാഷകനോടു നരസിംഹ തന്റെ അഭിപ്രായം അറിയിച്ചത്. ഇതിനു പകരം നിങ്ങൾക്ക് എന്തുകൊണ്ട് ‘സർ’എന്ന് ഉപയോഗിച്ചുകൂടാ എന്നും അദ്ദേഹം ചോദിച്ചു.
കോടതിയിലെ വാദപ്രതിവാദങ്ങൾക്കിടെ അഭിഭാഷകർ ജഡ്ജിമാരെ ‘മൈ ലോഡ്’, ‘യുവർ ലോഡ്ഷിപ്’ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് പതിവാണ്. എന്നാൽ ഇത് കൊളോണിയൽ കാലത്തിന്റെ പിന്തുടർച്ചയാണെന്നും അടിമത്വത്തിന്റെ അടയാളമാണെന്നുമാണ് ഇതിനെ എതിർക്കുന്നവരുടെ വാദം. ജഡ്ജുമാരെ ‘മൈ ലോഡ്’, ‘യുവർ ലോഡ്ഷിപ്’ എന്നിങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് 2006ൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ പാസാക്കിയ പ്രമേയത്തിൽ അറിയിച്ചിരുന്നു.
Discussion about this post