റായ്പൂർ: നവംബർ ഏഴിന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് ബിജെപി. കേന്ദ്രമന്ത്രി അമിത് ഷായാണ് റായ്പൂരിലെ ബിജെപിയുടെ സംസ്ഥാന ഓഫീസിൽ വെച്ച് ‘മോദി കി ഗ്യാരൻ്റി’ എന്ന് പേരിട്ട പ്രകടനപത്രിക പുറത്തിറക്കിയത്. രണ്ട് വർഷത്തിനുള്ളിൽ ഛത്തീസ്ഗഡിൽ ഒരു ലക്ഷം ഒഴിവുള്ള സർക്കാർ തസ്തികകൾ നികത്തുമെന്നും സംസ്ഥാനത്തെ ജനങ്ങളെ അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്ര ദർശനത്തിന് കൊണ്ടുപോകുമെന്നും പ്രകടനപത്രികയിൽ പറയുന്നു. വീട്ടമ്മമാർക്കും ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്കും വാർഷിക ധനസഹായം, ക്വിന്റലിന് 3100 രൂപ നിരക്കിൽ നെല്ല് സംഭരണം, പാവപ്പെട്ട കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ പാചക വാതക സിലിണ്ടർ എന്നിവയാണ് ബിജെപിയുടെ പ്രകടന പത്രികയിലെ മറ്റു വാഗ്ദാനങ്ങൾ.
തിരഞ്ഞെടുപ്പ് പത്രിക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം വെറും പത്രിക മാത്രമല്ല ഒരു പ്രമേയത്തിന്റെ രേഖയാണെന്ന് അമിത് ഷാ പറഞ്ഞു. പ്രമേയം നിറവേറ്റി കൊണ്ട് തങ്ങൾ 2000ത്തിൽ ഛത്തീസ്ഗഢ് സംസ്ഥാനം രൂപികരിച്ചെന്നും 15 വർഷത്തെ ബിജെപി ഭരണത്തിൽ പിന്നാക്ക സംസ്ഥാനമായിരുന്ന ഛത്തീസ്ഗഢ് ഒരു മികച്ച സംസ്ഥാനമായി രൂപാന്തരപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഢിനെ കൂടുതൽ വികസിതമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുമെന്ന് ബിജെപിക്ക് വേണ്ടി താൻ ഉറപ്പ് നൽകുന്നതായും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post