മുംബൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗുജറാത്തിലെ ദ്വാരകാധീഷ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ ദ്വാരകയിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് കങ്കണ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പറഞ്ഞത്.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ അനുഗ്രഹിക്കുകയാണെങ്കില്‍ താന്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കങ്കണ പറഞ്ഞു. രാമക്ഷേത്രം സാധ്യമാക്കിയ ബിജെപി സര്‍ക്കാറിനെ അഭിനന്ദിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
600 വര്‍ഷത്തെ പോരാട്ടത്തിന്റെ പോരാട്ടത്തിന് ശേഷമാണ് ഇന്ത്യക്കാര്‍ക്ക് രാമക്ഷേത്രം കാണാന്‍ സാധിച്ചത്. ബിജെപി സര്‍ക്കാറിന്റെ പ്രയത്‌നഫലമാണിത്. സനാതന ധര്‍മ്മത്തിന്റെ പതാക ലോകമൊട്ടാകെ ഉയരട്ടെ- കങ്കണ പറഞ്ഞു.
പുതിയ ചിത്രം തേജസിന്റെ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് കങ്കണ. കുറച്ചുദിവസങ്ങളായി തന്റെ ഹൃദയം അസ്വസ്ഥമാണെന്നും സമാധാനം ലഭിക്കാന്‍ വേണ്ടിയാണു ക്ഷേത്ര ദര്‍ശനം നടത്തിയതെന്നും കങ്കണ വ്യക്തമാക്കിയിരുന്നു. ശ്രീകൃഷ്ണന്റെ ദിവ്യനഗരമായ ദ്വാരകയില്‍ കാല്‍ കുത്തിയ ഉടനെ എന്റെ ആശങ്കകളെല്ലാം അസ്തമിച്ചതായി തോന്നുന്നുവെന്നും മനസ്സ് സ്ഥിരമായപ്പോള്‍ അതിയായ സന്തോഷം തോന്നുന്നുവെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
എയര്‍ ഫോഴ്‌സ് പൈലറ്റിന്റെ കഥ പറയുന്ന ‘തേജസി’ന് തണുത്ത പ്രതികരണമാണ് ബോക്‌സ് ഓഫീസില്‍നിന്ന് ലഭിക്കുന്നത്. 60 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് ഇതുവരെ വെറും 5.5 കോടി മാത്രമാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടാനായത്. മിക്ക പ്രദര്‍ശനകേന്ദ്രങ്ങളിലും ചിത്രം കാണാന്‍ ആളില്ലാതെ വന്നപ്പോള്‍ ഷോകള്‍ റദ്ദാക്കുകയും ചെയ്തു

