ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്. അതിവേഗം വിചാരണ നടപടികൾ പൂർത്തിയാക്കിയ കേസിൽ ഏകപ്രതി അസഫാക് ആലമിന് ശിക്ഷ വിധിക്കുന്നത് കൃത്യം നടന്ന് നൂറാം ദിവസമാണ്. എറണാകുളം പോക്‌സോകോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിക്കുക. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നാണ് കുട്ടിയുടെ കുടുംബത്തിന്‍റെ ആവശ്യം.
2023 ജൂലൈ 28-നാണ് സമൂഹ മനഃസാക്ഷിയെ നടുക്കിയ അരുംകൊല നടന്നത്. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി അസഫാക് ആലം കൂട്ടിക്കൊണ്ടുപോയത്. ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊന്ന് ചാക്കിൽ കെട്ടി ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ചു. അന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് 35 ദിവസംകൊണ്ട് കുറ്റപത്രവും 15 ദിവസം കൊണ്ട് വിചാരണയും പൂർത്തിയാക്കി. അതിവേഗം നടപടികൾ പൂർത്തിയാക്കിയ കേസിൽ കൃത്യം നടന്ന് നൂറാം ദിവസമാണ് വിധി പറയുന്നത്. കേസിലെ ഏക പ്രതി അസഫാക്ക് ആലത്തിന് വധശിക്ഷ തന്നെ നൽകണമെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു.
പോക്സോ കേസുകളില്‍ 100 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ കേസ് കൂടിയാണിത്. കൊലക്കുറ്റം, ബലാത്സംഗം ഉള്‍പ്പെടെ 16 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. അസഫാക്ക് ആലം എന്ന കൊടും കുറ്റവാളിക്ക് കോടതി പരമാവധി ശിക്ഷ ഉറപ്പാക്കും എന്ന പ്രതീക്ഷയിലാണ് കുടുംബം.
Discussion about this post