ഡൽഹി: പാകിസ്താനിലെ മിയാൻ വാലി വ്യോമസേനാ താവളത്തിൽ ഭീകരവാദി ആക്രമണം. പാകിസ്ഥാൻ താലിബാൻ വിഭാഗമായ, തെഹ്‌രികെ താലിബാൻ ഫിദായിനിന്റെ നേതൃത്വത്തിലാണ് വ്യോമസേനാ താവളം അക്രമിക്കപ്പെട്ടത്. ആക്രമണം പാകിസ്ഥാൻ സേന സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു ആക്രമണം.
ഭീകരാക്രമണം പരാജയപ്പെടുത്തിയെന്നും, മൂന്നു ഭീകരരെ കൊലപ്പെടുത്തിയെന്നും, അവശേഷിക്കുന്ന മൂന്നു പേരുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും പാക്കിസ്ഥാൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഭീകരാക്രമണത്തിൽ ആറ് വിമാനങ്ങൾ കത്തി നശിച്ചതായാണ് റിപ്പോർട്ടുകൾ. അതെ സമയം 12 വിമാനം തകർത്തുവെന്നാണ് ഭീകരവാദികൾ അവകാശപ്പെടുന്നത്. വീഡിയോകളും ഫോട്ടോകളും പുറത്തുവന്നതോടെ മൂന്ന് വിമാനങ്ങൾ അക്രമികൾ തകർത്തതായി പാക് സൈന്യം അറിയിച്ചു.
ഏറ്റവും സുരക്ഷിതമായ പാകിസ്ഥാൻ വ്യോമസേനാ താവളങ്ങളിലൊന്നായാണ് മിയാൻ വാലി വ്യോമസേനാ താവളം അറിയപ്പെടുന്നത്. പൊതു തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ്, സൈനിക താവളത്തിന് നേരെ ആക്രമണം നടക്കുന്നതെന്നും ശ്രദ്ധേയമാണ്.
വ്യോമസേനാ താവളത്തിൽ നടന്നതെന്ന രീതിയിൽ നിരവധി വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമമായ എക്‌സ് ൽ പ്രചരിക്കുന്നുണ്ട്. മുള്ളുവേലി മുറിച്ച്, ഗോവണി ഉപയോഗിച്ച് മതിലിൽ കടന്ന് അതുവഴിയാണ് ഭീകരർ വ്യോമസേനാ പരിശീലന കേന്ദ്രത്തിലേക്ക് പ്രവേശിച്ചതെന്നാണ് പുറത്തു വരുന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നത്.
Discussion about this post