ബെംഗളൂരു: ഏകദിന ലോകകപ്പില്‍ സെമി സാധ്യതകള്‍ സജീവമാക്കി പാകിസ്താന്‍. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 21 റണ്‍സിന് പാകിസ്താന്‍ പരാജയപ്പെടുത്തി. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് പാകിസ്താന്‍ നിര്‍ണായക വിജയം സ്വന്തമാക്കിയത്. ഫഖര്‍ സമാന്റെയും (126) ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും (66) തകര്‍പ്പന്‍ ഇന്നിങ്‌സാണ് പാകിസ്താനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. കിവീസ് ഉയര്‍ത്തിയ 401 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയതായിരുന്നു പാകിസ്താന്‍. രണ്ടാം ഓവറില്‍ തന്നെ പാകിസ്താന് ഓപ്പണര്‍ അബ്ദുള്ള ഷഫീഖിനെ (4) നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ വെറും ആറ് റണ്‍സുള്ളപ്പോഴാണ് പാകിസ്താന് വിക്കറ്റ് നഷ്ടമായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ കൂട്ടുപിടിച്ച് ഓപ്പണര്‍ ഫഖര്‍ സമാന്‍ തകര്‍ത്തടിച്ചു.
ഇതിനിടെ 21.3 ഓവറില്‍ പാകിസ്താന്‍ ഒന്നിന് 160 റണ്‍സില്‍ നില്‍ക്കെ ആദ്യം മഴ വില്ലനായി എത്തിയത്. ഇതോടെ പാകിസ്താന്റെ വിജയലക്ഷ്യം 41 ഓവറില്‍ 342 റണ്‍സായി പുനര്‍നിശ്ചയിച്ചു. വീണ്ടും തുടങ്ങിയ മത്സരം 25.3 ഓവറില്‍ 200 റണ്‍സെത്തിയപ്പോള്‍ രസംകൊല്ലിയായി വീണ്ടും മഴയെത്തി. തുടര്‍ന്ന് മത്സരം പുനഃരാരംഭിക്കാനാകില്ലെന്ന് തീരുമാനിക്കുകയും പാകിസ്താനെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു.
ഫഖര്‍ സമാനും ബാബര്‍ അസമും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 194 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഓപ്പണര്‍ ഫഖര്‍ സമാന്‍ 81 പന്തില്‍ നിന്ന് 126 റണ്‍സ് നേടി പുറത്താകാതെ നിന്നു. 11 സിക്‌സും എട്ട് ബൗണ്ടറിയുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ലോകകപ്പില്‍ ഒരു പാകിസ്താന്‍ താരം സ്വന്തമാക്കുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. ബാബര്‍ 63 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 66 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്‍റ് നേടിയ പാകിസ്താന്‍ അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ സെമി പ്രതീക്ഷ നിലനിര്‍ത്താനും ടീമിനായി.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 401 റണ്‍സ് നേടിയത്. രച്ചിന്‍ രവീന്ദ്രയുടെയും (108) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും മികച്ച ഇന്നിങ്സിന്റെ കരുത്തിലാണ് കിവീസ് പാകിസ്താനെതിരെ ഹിമാലയന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. പാകിസ്താന് വേണ്ടി മുഹമ്മദ് വസീം മൂന്ന് വിക്കറ്റ് വീഴ്ത്തി.
Discussion about this post