ന്യൂഡൽഹി: വിവാദമായ മഹാദേവ് ആപ്പ് ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ. 22 മറ്റ് ആപ്പുകളും വെബ്‌സൈറ്റുകളും സർക്കാർ വിലക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഐ ടി മന്ത്രാലയമാണ് വിലക്ക് ഏർപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്‍റെ ഉടമകള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിലക്ക്.
കഴിഞ്ഞ ദിവസം വിവാദ വെളിപ്പെടുത്തലുമായി മഹാദേവ് ബെറ്റിങ് ആപ്പ് ഉടമ ശുഭം സോണി രംഗത്തെത്തിയിരുന്നു. ദുബായിലേക്ക് ഒളിവിൽ പോകാൻ പറഞ്ഞത് ഭൂപേഷ് ബാഗേലാണ് എന്നായിരുന്നു വെളിപ്പെടുത്തൽ. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് ആപ്പ് പ്രമോട്ടര്‍മാര്‍ 508 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ഇ ഡി ഉന്നയിച്ചിരുന്നു. കണക്കില്‍ പെടാത്ത അഞ്ചരക്കോടി രൂപയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ അസിംദാസ് എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ ഡിയുടെ ഈ വാദം.
ഓൺലൈൻ വാതുവയ്പ്പ് ആപ്പ് ആണ് മഹാദേവ് ആപ്പ്. ഓൺലൈൻ ബെറ്റിങ്ങിന് ഇന്ത്യയിൽ നിരോധനമുള്ളതിനാൽ ദുബായ് വഴിയായിരുന്നു ആപ്പിന്റെ പ്രവർത്തനം. സൗരഭ് ചന്ദ്രാകർ, രവി ഉപ്പൽ എന്നിവരാണ് 2016 -ൽ ദുബായിൽ ആപ്പ് തുടങ്ങിയത്. കൊവിഡ് കാലത്ത് ബെറ്റിങ് കച്ചവടം പൊടിപൊടിച്ചു. ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ്, തിരഞ്ഞെടുപ്പ് എന്നിവയുടെ പേരിൽ വരെ ബെറ്റിങ് നടന്നു. 2019 വരെ 12 ലക്ഷം പേരായിരുന്നു മഹാദേവിൽ റജിസ്റ്റർ ചെയ്തിരുന്നത്. 2019 ൽ മഹാദേവ് ഗ്രൂപ്പ് ഹൈദരാബാദ് കേന്ദ്രമായുള്ള റെഡ്ഡി അണ്ണാ ആപ് 1000 കോടി രൂപയ്ക്ക് വാങ്ങിയതോടെ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷമായി. ദിവസേന 200 കോടി വരെ ഉടമകൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Discussion about this post