ഡൽഹി: പോപുലർഫ്രണ്ട് നിരോധനത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ അഞ്ചുവർഷത്തെ വിലക്ക് ശരിവച്ച സുപ്രിം കോടതി, നിരോധനത്തിനെതിരായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നൽകിയ ഹർജി തള്ളി.
യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎഫ്ഐ ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി . ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. നിരോധനത്തിനെതിരായ ഹർജി തള്ളിയെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ പിഎഫ്ഐക്ക് അവസരം നൽകിയിട്ടുണ്ട്.
പോപുലർഫ്രണ്ടിന് ആഗോള ഭീകര സംഘടനകളുമായുള്ള ബന്ധം കണ്ടെത്തുകയും, രാജ്യത്ത് വർഗീയ കലാപങ്ങൾ സംഘടിപ്പിക്കാൻ പദ്ധതിയിട്ടെന്നും കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കേന്ദ്രസർക്കാർ സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. പോപുലർഫ്രണ്ടിനുംഅനുബന്ധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും എതിരെ യുഎപിഎയുടെ അധികാരം പ്രയോഗിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും (യുടി) കേന്ദ്രം നിർദേശിച്ചിരുന്നു.
ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സംസ്ഥാന ഏജൻസികളും പൊലീസ് സേനകളും ചേർന്ന് കഴിഞ്ഞ വർഷം രാജ്യത്തുടനീളം നടത്തിയ ഒന്നിലധികം റെയ്ഡുകളിൽ 100 ലധികം പിഎഫ്ഐ കേഡർമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ (ഐഎസ്ഐഎസ്) പോലുള്ള ആഗോള ഭീകര ഗ്രൂപ്പുകളുമായുള്ള പിഎഫ്ഐയുടെ ബന്ധം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ചില പിഎഫ്‌ഐ കേഡർമാർ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളിൽ ചേർന്നതും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു
Discussion about this post