അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈം ഔട്ടിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന ബാറ്ററായി ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ്. ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ ഇന്നത്തെ മത്സരത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽഹസൻ എറിഞ്ഞ 25ാമത്തെ ഓവറിലാണ് അസാധാരണ സംഭവങ്ങൾ നടന്നത്.
ഷാക്കിബ് എറിഞ്ഞ ഈ ഓവറിലെ ആദ്യ പന്തിൽ സമരവിക്രമ ബൌണ്ടറി നേടിയിരുന്നു. 24.1 ഓവറിൽ 135/3 എന്ന നിലയിലായിരുന്നു ശ്രീലങ്ക. തൊട്ടടുത്ത പന്തിൽ മഹ്മൂദുള്ളയ്ക്ക് ക്യാച്ച് നൽകി സമരവിക്രമ പുറത്തായി. ഷാക്കിബിന്റെ പന്ത് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ ബാറ്റിൽ തട്ടിയുയർന്ന പന്ത് ലോങ് ലെഗിൽ മഹ്മൂദുള്ള അനായാസമായൊരു ക്യാച്ചിലൂടെ കൈയ്യിലൊതുക്കി. സ്കോർ ശ്രീലങ്ക 24.2 ഓവറിൽ 135/4.
ബംഗ്ലാദേശ് താരങ്ങൾ വിക്കറ്റ് ആഘോഷം തുടങ്ങിയതിന് ശേഷം അഞ്ചാം വിക്കറ്റിൽ ബാറ്റ് ചെയ്യാനായി ലങ്കയുടെ മുതിർന്ന താരമായ എയ്ഞ്ചലോ മാത്യൂസാണ് ക്രീസിലേക്ക് വരേണ്ടിയിരുന്നത്. എന്നാൽ, താരം ക്രീസിലേക്ക് നടന്നെത്തും മുമ്പേ തന്നെ തനിക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞു. സ്വന്തം ഹെൽമറ്റിന്റെ വള്ളി പൊട്ടിയത് താരം ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് പവലിയനിലേക്ക് നോക്കി പുതിയ ഹെൽമറ്റ് കൊണ്ടുവരാൻ മാത്യൂസ് ആവശ്യപ്പെടുകയായിരുന്നു.
നേരെ പിച്ചിലേക്ക് വരുന്നതിന് പകരം ഗ്രൌണ്ടിൽ നിൽക്കുകയാണ് താരം ചെയ്തത്. ഇതാണ് പിന്നീട് വലിയ പാരയായി മാറിയത്. സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലിരുന്നൊരു താരം മാത്യൂസിന് പുതിയ ഹെൽമറ്റുമായി ഗ്രൌണ്ടിലെത്തിയെങ്കിലും സമയം ഒരുപാട് വൈകിയിരുന്നു. ഇതിനോടകം തന്നെ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽഹസൻ ടൈം ഔട്ടിന്റെ കാര്യത്തിൽ അമ്പയറോട് അപ്പീൽ ചെയ്തിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കളിക്കാരൻ പുറത്തായാൽ, അടുത്ത മൂന്ന് മിനിറ്റിനകം തന്നെ അടുത്ത താരം ക്രീസിലെത്തി ബാറ്റിങ്ങ് പുനരാരംഭിക്കണം. അല്ലെങ്കിൽ പുതിയ കളിക്കാരനെ ടൈം ഔട്ടിലൂടെ പുറത്താക്കിയെന്ന് പ്രഖ്യാപിക്കാവുന്നതാണ്. ഈ ഐസിസി നിയമം അമ്പയർമാരായ മാത്യൂസുമായി ചർച്ച തുടങ്ങി. മാത്യൂസ് നിയമലംഘനം നടത്തിയതായി മനസിലാക്കിയ അമ്പയർമാർ താരത്തെ ടൈം ഔട്ടിലൂടെ പുറത്താക്കുകയാണെന്ന് വിശദീകരിച്ചു. എന്നാൽ, നടക്കുന്നതൊന്നും വിശ്വസിക്കാനാകാതെ എയ്ഞ്ചലോ മാത്യൂസ് നേരെ ബംഗ്ലാദേശ് നായകനോട് അപ്പീൽ പിൻവലിക്കാൻ അപേക്ഷിച്ചു. തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും മാത്യൂസിന്റെ ആവശ്യം ഷാക്കിബ് നിരസിച്ചു. ഇതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യത്തെ ടൈം ഔട്ട് റൂളിന്റെ ഇരയായി മാത്യൂസ് മാറിയത്. താരത്തിന് പവലിയനിലേക്ക് മടങ്ങുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. സ്കോർ, ശ്രീലങ്ക 24.2 ഓവറിൽ 135/5.
പിന്നീട് ലങ്കയുടെ പുതിയ ബാറ്ററായ ധനഞ്ജയ് ഡിസിൽവ ക്രീസിലേക്ക് വന്നു. കളി പുനരാരംഭിച്ചു. ക്രിക്കറ്റിൽ ഇങ്ങനെയൊരു സംഭവം ആദ്യമായാണ് കാണുന്നതെന്ന് കമന്റേറ്ററായ റസ്സൽ അർണോൾഡ് കൂട്ടിച്ചേർത്തു. മാത്യൂസ് വൈകിയാണ് ഗ്രൌണ്ടിലേക്ക് വന്നതെന്നതും, ഹെൽമറ്റിനായി കാത്തിരുന്നതും പ്രശ്നം വഷളാക്കിയിരുന്നു.
Discussion about this post