നടൻ സുരേഷ് ഗോപിയെക്കുറിച്ച് താൻ പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് സംവിധായകൻ ഷാജി കൈലാസ്. “കമ്മീഷണർ എന്ന സിനിമയോടുകൂടി അവൻ കൈയ്യിൽ നിന്നും പോയിരുന്നു. ശാരീരിക ഭാഷയും കൈകൊണ്ടുള്ള പ്രയോഗങ്ങളും സംസാരവും അടക്കം മാറിപ്പോയി. സിനിമയേതാ ജീവിതമേതാ എന്ന തരത്തിൽ തിരിച്ചറിയാൻ ആകാത്തപോലെ മാറ്റം”, എന്ന രീതിയിൽ ഷാജി കൈലാസ് പറഞ്ഞുവെന്നായിരുന്നു ആരോപണം. എന്നാൽ ഇക്കാര്യങ്ങളുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് താൻ ഇക്കാര്യം എവിടെയും പറഞ്ഞിട്ടില്ലെന്നും ഇന്നും നല്ല രീതിയിൽ പോകുന്ന ബന്ധമാണ് തങ്ങളുടേതെന്നും ഷാജി കൈലാസ് പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ
”കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയർ ചെയ്യുന്നത് കാണുവാൻ ഇടയായി. ഒന്നോർക്കുക.. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്.
അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അതിന് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്”
അതേസമയം സുരേഷ് ഗോപിയുടെ പുത്തൻ ചിത്രം പ്രേക്ഷകപിന്തുണ നേടി മുന്നേറുകയാണ്. കേരള ബോക്സോഫീസില്‍ മികച്ച കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾട്ട്. 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഗരുഡനുണ്ട്. ഒരു കോടിയില്‍ നിന്ന കളക്ഷന്‍ ഇക്കഴിഞ്ഞ ഞായറാഴ്ച രണ്ട് കോടിയിലേക്ക് എത്തിയിരുന്നു. ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ചിത്രം ഞായറാഴ്ച 2.4 കോടി രൂപയാണ് നേടിയത്. ഇതോടെ ചിത്രത്തിന്‍റെ ആഭ്യന്തര ബോക്സോഫീസ് കളക്ഷന്‍ 5.15 കോടിയായി.

