കേരളീയം പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങളെ മോശമായി ചിത്രീകരിച്ച സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തിൽ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾ വലിയ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ കേന്ദ്ര പട്ടിക വകുപ്പ് കമ്മീഷൻ അംഗം അനന്ത് നായകിന് ഡൽഹി ഓഫീസിലെത്തി പരാതി നൽകിയിരിക്കുകയാണ് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാം രാജ്. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 76-ാം വാർഷികത്തിനു ശേഷവും ആദിവാസി സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന ദുരവസ്ഥ അതേപടി നിലനിൽക്കുന്നുവെന്നും അവർ ഇപ്പോഴും സാമൂഹിക അസമത്വവും മനുഷ്യത്വരഹിതമായ പെരുമാറ്റവും അഭിമുഖീകരിക്കുന്നുവെന്നും ശ്യാം രാജ് പരാതിയിൽ പറയുന്നു.
സർക്കാർ കേരളീയം പരിപാടിയിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെയും പുരുഷന്മാരെയും തികച്ചും അനാദരവോടെ അവരുടെ അന്തസ്സിനു വിരുദ്ധമായി ലിവിംഗ് ഷോ പീസുകളായി പ്രദർശിപ്പിച്ചതും പരാതിയിൽ ചൂണ്ടികാണിക്കുന്നു. കേരളത്തിലെ കാണി, ഊരാളി, മണ്ണാൻ, മാവിലാർ തുടങ്ങിയ ഗോത്രവർഗ വിഭാഗങ്ങളെ ‘ലൈവ് മ്യൂസിയം’ ആയി പ്രസ്തുത പരിപാടിയിൽ പ്രദർശിപ്പിക്കുന്നു. സംഘാടകർ അവകാശപ്പെടുന്നതുപോലെ, അവരുടെ സംസ്കാരവും ജീവിതരീതിയും പൊതുജനങ്ങൾക്ക് പ്രചരിപ്പിക്കുക എന്നതായിരുന്നു ആശയം. എന്നിരുന്നാലും, ഇത് ആദിവാസി സമൂഹങ്ങളുടെ ജീവിതരീതിയെയും സംസ്‌കാരത്തെയും വ്രണപ്പെടുത്തി അവരെ പരിഹസിക്കുന്നതിൽ മാത്രമേ കലാശിച്ചിട്ടുള്ളൂ. പ്രദർശനം അവരെ തികഞ്ഞ അനാദരവോടെ ചിത്രീകരിച്ചു, അതുവഴി അവരുടെ അവകാശങ്ങളും അന്തസ്സും ഇല്ലാതാക്കുന്നു. ആദിവാസി സമൂഹങ്ങളോടുള്ള കേരള സർക്കാരിന്റെ മുൻവിധിയും ദ്രോഹവുമാണ് ഇത് കാണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ശക്തമായ അപലപനം അർഹിക്കുന്നുവെന്നും ശ്യാം രാജ് പരാതിയിൽ പറഞ്ഞിട്ടുണ്ട്.
Discussion about this post