കൊച്ചി: കെഎസ്ആർടിസിയിലെ പെൻഷൻ പ്രതിസന്ധിയിൽ ചീഫ് സെക്രട്ടറിക്ക് കേരള ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സെമിനാറുകളാണോ കോടതിയാണോ പ്രധാനമെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയതോടെ കേരളീയം പോലുള്ള പരിപാടികൾ നടത്തിയതിലും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. സംസ്ഥാന സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയാണെന്നും പ്രതിദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുണ്ടെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. അതേസമയം മൂന്ന് മാസത്തെ പെൻഷൻ കൊടുത്തുതീർക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
പെൻഷൻ മുടങ്ങിയതിൽ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. കേരളീയം പരിപാടി നടക്കുന്ന വേളയിൽ അതിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചത്. ഇതോടെയാണ് എന്താണ് മുൻഗണനയെന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചത്.
ആഘോഷങ്ങൾക്ക് അല്ല, മനുഷ്യന്റെ പ്രശ്നങ്ങൾക്കാണ് ഇവിടെ പ്രധാന്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം ഭരണാധികാരികൾ മനസിലാക്കണം. ചിലരുടെ കണ്ണുനീരും വേദനയും മതി എല്ലാവരുടെയും കണ്ണ് തുറപ്പിക്കാനെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആർടിസിയിലെ പെൻഷൻ വൈകുന്നതിനെതിരായ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷവിമർശനം. കെഎസ്ആർടിസി പെൻഷനുവേണ്ടി സർക്കാർ 70 കോടി രൂപ അനുവദിച്ചിരുന്നു. സെപ്റ്റംബർ മാസത്തെ പെൻഷൻ വിതരണത്തിനാണ് തുക അനുവദിച്ചത്. എന്നാൽ ഒക്ടോബർ, നവംബർ മാസത്തെ പെൻഷനുള്ള തുക ഇനിയും അനുവദിച്ചിട്ടില്ല.

