ഡൽഹി: അനധികൃത കുടിയേറ്റങ്ങളോട്, നരേന്ദ്ര മോദി സർക്കാർ സഹിഷ്ണുതയില്ലാത്ത സമീപനം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റ വിപത്തിൽ നിന്ന് ഭാരതത്തെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ വ്യക്തമാക്കി. അനധികൃത കുടിയേറ്റവും, നുഴഞ്ഞുകയറ്റവും തടയാനുള്ള നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടായിരുന്നു അമിത്ഷാ നിലപാട് വ്യക്തമാക്കിയത്.
“ടീം എൻഐഎയ്ക്ക് അഭിനന്ദനങ്ങൾ. മോഡി സർക്കാർ അനധികൃത കുടിയേറ്റത്തോട് സഹിഷ്ണുതയില്ലാത്ത സമീപനം തുടരും, ഈ വിപത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്.”-ഷാ എക്‌സിൽ കുറിച്ചു
“സുരക്ഷിത ഭാരതം” എന്ന കാഴ്ച്ചപ്പാടിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി അഞ്ച് അന്താരാഷ്ട്ര മനുഷ്യക്കടത്തുകൾ തകർത്തുവെന്നും, പത്ത് സംസ്ഥാനങ്ങളിലായി ഒരേസമയം നടത്തിയ ഓപ്പറേഷനിൽ 44 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
അതെ സമയം, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അനധികൃത കുടിയേറ്റവും, മനുഷ്യക്കടത്തും നടക്കുന്നുണ്ട്. ഇതിന് പിന്തുണ നൽകുന്ന ശൃംഖലകൾ സജീവമാണെനും എൻഐഎ വക്താവ് അഭിപ്രായപ്പെട്ടു. ഇത്തരം ശൃംഖലകൾ തകർക്കാനും, അനധികൃത കുടിയേറ്റം തടയാനും, എട്ട് സംസ്ഥാനങ്ങളിലും, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 55 സ്ഥലങ്ങളിൽ പരിശോധന നടന്നിട്ടുണ്ട്. അതിർത്തി സുരക്ഷാ സേനയുടെയും സംസ്ഥാന പോലീസ് സേനയുടെയും ഏകോപനത്തോടെയാണ് റെയ്ഡുകൾ നടത്തിയതെന്നും എൻഐഎ വക്താവ് അറിയിച്ചു .
ത്രിപുര, അസം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട്, തെലങ്കാന, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലായാണ് റെയിഡ് നടന്നത്
Discussion about this post