അവധിയാഘോഷിക്കാൻ ബക്കറ്റ് ലിസ്റ്റ് ചെയ്യ്ത ഏതെങ്കിലും ഐലന്റ് മനസ്സിലുണ്ടോ?… എങ്കിലിതാ നിങ്ങളെ കാത്ത് ഒരു കിടിലൻ അവസരം. പക്ഷേ നിബന്ധനകളുണ്ട്. എല്ലാവിധ ആഢംബര സൗകര്യങ്ങളോടും കൂടി ഒരു സ്വകാര്യ ദ്വീപില്‍ ജോലി ചെയ്യാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഒരു ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഫെയര്‍ഫാക്‌സ് ആന്‍ഡ് കെനിങ്സ്റ്റണ്‍ ആണ് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്. പങ്കാളിക്കൊപ്പം സ്വകാര്യ ദ്വീപില്‍ താമസിച്ച് ജോലി ചെയ്യാനുള്ള ഓഫര്‍ ആണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. 1.5 കോടി രൂപ ശമ്പളമായി ലഭിക്കുകയും ചെയ്യും.
ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലൊന്നായ മനോഹരമായ ഒരു സ്വകാര്യ ദ്വീപില്‍ താമസിച്ചുകൊണ്ട് അവിടുത്തെ വിവരങ്ങള്‍ രേഖപ്പെടുത്തുകയാണ് ജോലി. ദ്വീപിനെ ആഢംബര പൂര്‍ണമായ ഒരു പറുദീസയാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്‍ഫ്‌ളൂവന്‍സര്‍മാരായ ദമ്പതിമാര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുക. ദമ്പതിമാര്‍ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ദ്വീപിനെക്കുറിച്ച് പ്രചാരണം നടത്തണം. ദ്വീപിനെക്കുറിച്ചും ജോലി സംബന്ധിച്ച വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും അപേക്ഷ നല്‍കുന്ന ദമ്പതികൾ പാലിക്കേണ്ട ചില മാനദണ്ഡങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതികൾക്ക് സമൂഹ മാധ്യമത്തില്‍ വളരെ ശക്തമായ സ്വാധീനമുണ്ടായിരിക്കണം.
ആഢംബര വ്യവസായ മേഖലയില്‍ ഉള്‍പ്പെട്ട ഉല്ലാസബോട്ടുകള്‍ അല്ലെങ്കില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളിൽ താമസിച്ച് മുന്‍ പരിചയമുണ്ടായിരിക്കണം. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും ജോലി ചെയ്യേണ്ടി വരിക. അടുത്ത വര്‍ഷം ജനുവരിയില്‍ ജോലിക്ക് കയറാം. ദമ്പതികൾക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ സ്വന്തം വീട്ടില്‍ പോകാനും അവസരമുണ്ട്. ഇതിനായി 25 ദിവസത്തെ അവധി ലഭിക്കും. അപേക്ഷയോടൊപ്പം ദമ്പതിമാര്‍ തങ്ങളുടെ ഒരു ടിക് ടോക്ക് വീഡിയോ കൂടി നല്‍കണം.

