ഡൽഹി: അക്രം ഗാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) മുൻ നേതാവ് അക്രം ഖാൻ പാക്കിസ്ഥാനിലെ ബജൗറിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട് . 2018 മുതൽ 2020 വരെ ലഷ്‌കർ ഇ തോയ്‌ബയിലേക്ക് ഭീകരരെ റിക്രൂട് ചെയ്യുന്ന ,റിക്രൂട്ട്‌മെന്റ് സെല്ലിനെ നയിച്ചിരുന്ന അക്രം ഗാസി പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച ഭീകരനാണ്.
ലഷ്‌കർ ഇ തോയ്‌ബ ഭീകരരിൽ പ്രമുഖനായ അക്രം ഗാസി ദീർഘകാലമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഭീകരവാദ പ്രവർത്തനങ്ങളോട് അനുഭാവമുള്ള വ്യക്തികളെ കണ്ടെത്തുന്നതിനും, റിക്രൂട്ട് ചെയ്യുന്നതിനുമുള്ള നിർണായക വിഭാഗമായ ലഷ്കർ റിക്രൂട്ട്‌മെന്റ് സെല്ലിനെ അദ്ദേഹം നയിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനയായ ലഷ്‌ക്കർ ഇ തോയിബയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിലും അക്രത്തിന് നിർണ്ണായക പങ്കുണ്ട് .
അക്രത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയ അജ്ഞാതരെക്കുറിച്ച് മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്ന്, പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ബജൗർ, താലിബാൻ, അൽ-ഖ്വയ്ദ, ഉൾപ്പെടെയുള്ള വിവിധ ഭീകര സംഘടനകളുടെ താവളമാണ്.
ജമ്മുവിൽ ഇന്ത്യൻ സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരവാദിയും, ലഷ്കർ ഇ തോയ്‌ബ കമാൻഡറുമായ മിയ മുജാഹിദ് എന്ന ഖ്വാജ ഷാഹിദിനെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിൽ താമസിച്ചിരുന്ന ഖ്വാജ ഷാഹിദിനെ അജ്ഞാതരായ തോക്കുധാരികൾ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബജൗറിയിലെ ഖാറിൽ ഇക്കഴിഞ്ഞ ജൂലായിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ 39 പേർ കൊല്ലപ്പെട്ടിരുന്നു ജെയുഐഎഫ് പാർട്ടിയുടെ യോഗത്തിനിടയിലാണ് അന്ന് സ്ഫോടനമുണ്ടായത്.
അതെ സമയം പാക്കിസ്ഥാനിൽ അജ്ഞാതരുടെ ആക്രമണത്തിൽ ഭീകരവാദികൾ കൊല്ലപ്പെടുന്നത് തുടർക്കഥയാവുകയാണ്

