കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘നവംബർ 9’ ന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി. ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും അബ്ദുൾ ഗദാഫും ചേർന്ന് നിർമ്മിച്ച് പ്രദീപ് എം. നായർ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം ചർച്ചകൾക്ക് തിരിതെളിച്ചു കഴിഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ സങ്കീർണ്ണമായ ഏടുകളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ചിത്രമെന്നാണ് സൂചന. ബാബരി മസ്ജിദ്- അയോദ്ധ്യ കേസ് വിധി വന്ന 2019 ‘നവംബർ 9’ നെ അനുസ്മരിപ്പിയ്ക്കും വിധമാണ് സിനിമയുടെ പേരെന്നത് ശ്രദ്ധേയമാണ് . ചിത്രത്തിന്റെ പേരിനൊപ്പം, ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയിലെ ബാബരി മസ്ജിദിന്റെ ചിത്രവും, സിനിമയുടെ പ്രമേയത്തിന്റെ സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ബാബ്‌റി മസ്ജിദ് തകർക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളും, പത്ര വാർത്തകളും ഉൾപ്പെടുന്ന ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ, ബ്യൂറോക്രാറ്റിക് ചുവപ്പുനാടയുടെ ആഘാതവും അനാവരണം ചെയ്യാൻ ശ്രമിക്കുന്നുണ്ട് .
ഈ വരുന്ന ജനുവരിയിൽ അയോദ്ധ്യ-ശ്രീരാമ ജന്മഭൂമിയിൽ രാമ ക്ഷേത്രം ഉത്ഘാടനം ചെയ്യപ്പെടുമെന്നു പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ കൂടി, ബാബരി മസ്ജിദിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന സിനിമ ശ്രദ്ധേയമാവുകയാണ്.
Discussion about this post