കണ്ണൂർ: തലശേരിയിൽ വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. സിക്ക വൈറസ് ബാധയാകാമെന്നാണ് സംശയം. തലശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 20-ലധികം വിദ്യാർത്ഥിനികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലശേരി ജനറൽ ആശുപത്രിയിൽ നിന്നും അഞ്ചു വിദ്യാർത്ഥിനികളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദ്യാർത്ഥിനികൾക്ക് നിലവിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചത്. സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. രോഗികളില്‍ സിക്ക രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സിക്കയുണ്ടായ പ്രദേശത്ത് പനി കേസുകള്‍ കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. സിറോ സര്‍വയലന്‍സ് നടത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പുണ്ട്. ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് മൈക്രോസെഫാലി പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗമുള്ള പ്രദേശത്തെ ഗര്‍ഭിണികളെ പ്രത്യേകം നിരീക്ഷിക്കും. ഗര്‍ഭിണികള്‍ക്ക് മുമ്പ് സിക്ക രോഗലക്ഷണങ്ങള്‍ വന്നിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യണം. പനി ബാധിച്ച ഗര്‍ഭിണികളെ പ്രത്യേകം നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കും. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്കയെങ്കിലും രക്തദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരാം.
Discussion about this post