കൊച്ചി: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ചട്ടം പാലിച്ചില്ലെന്നും റീകൗണ്ടിങ് നടപടിക്രമത്തിൽ അപാകതയുണ്ടായെന്നും കേരള ഹൈക്കോടതി. ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി വോട്ട് ആദ്യം എണ്ണിയപ്പോൾ കണ്ടെത്തിയ അസാധുവോട്ടുകൾ റീകൗണ്ടിങ്ങിൽ പരിഗണിച്ചത് എങ്ങനെയെന്നും ചോദിച്ചു. സാധുവായ വോട്ടുകളാണ് റീ കൗണ്ടിങ്ങിൽ പരിഗണിക്കേണ്ടത്. എന്നാൽ, അസാധുവായ വോട്ടുകൾ ഇങ്ങനെ വീണ്ടും റീകൗണ്ടിങ്ങിൽ വന്നെന്നും കോടതി ചോദിച്ചു. ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അസാധുവോട്ടുകൾ കണ്ടെത്തിയാൽ ഇവ മാറ്റിവച്ച് പ്രത്യേകമായി സൂക്ഷിക്കണമെന്നാണ് ചട്ടമെന്ന് പറഞ്ഞ കോടതി ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്‌യു സ്ഥാനാർഥിക്ക് 896 വോട്ടും എസ്എഫ്ഐ സ്ഥാനാർഥിക്ക് 895 വോട്ടുമാണ് ലഭിച്ചതെന്നും പറഞ്ഞു.
അതേസമയം, റീ കൗണ്ടിങ് ആവശ്യപ്പെട്ട് എസ്എഫ്ഐ സ്ഥാനാർഥി നൽകിയ അപേക്ഷയിൽ ഒരു കാരണവും വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ആശയക്കുഴപ്പം ഉണ്ടെന്ന് മാത്രമാണ് പരാതിയിൽ ഉള്ളതെന്നും കോടതി ചൂണ്ടിക്കാണിച്ചു. അസാധു വോട്ടുകൾ റീ കൗണ്ടിങ്ങിൽ സാധുവായി പരിഗണിച്ചാണ് എസ്എഫ്ഐ ജയിച്ചതെന്നാണ് ഹർജിക്കാരന്‍റെ വാദം. കേസിൽ കോടതി ഇന്ന് വിധി പറഞ്ഞില്ല.

