മലപ്പുറം: മലപ്പുറം ഒതുക്കങ്ങലില്‍ കട ഉദ്ഘാടനത്തിനെത്തിയ യുട്യൂബറായ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെ ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് പൊലീസ് തിരിച്ചയച്ചു. ഒതുക്കുങ്ങലില്‍ പുതിയതായി തുടങ്ങിയ ജെന്‍റ്സ് വെയര്‍ കടയുടെ ഉദ്ഘാടനത്തിന് തൊപ്പിയെത്തുമെത്തുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു ഉത്ഘാടനം.
ഉച്ചയോടുകൂടി കുട്ടിസംഘങ്ങൾ അടങ്ങുന്ന തൊപ്പിയാരാധകരുടെ കുത്തൊഴുക്കായി. അതെ സമയം തൊപ്പിക്കെതിരെ ഒരുവിഭാഗം കടയുടമകളും, നാട്ടുകാരും സംഘടിച്ചു. ഇതോടെ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടാണ് പൊലീസിന്‍റെ ഇടപെടല്‍ . ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടാണ് നിഹാദിനോട് മടങ്ങാന്‍ അഭ്യര്‍ത്ഥിച്ചതെന്ന് പോലീസ് അറിയിച്ചു. റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിന് കടയുമടകള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഒതുക്കങ്ങിലില്‍ എത്തും മുമ്പ് തന്നെ വഴിയരികില്‍ കാത്തു നിന്ന പൊലീസ് തൊപ്പിയെ തിരിച്ചയച്ചു. ഇതോടെയാണ് ആള്‍ക്കൂട്ടം പിരിഞ്ഞു പോയത്. മുൻപ് വളാഞ്ചേരിയില്‍ കടയുദ്ഘാടനത്തിനെത്തിയ ‘തൊപ്പി’ അശ്ലീല പദപ്രയോഗം നടത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്തിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീലം പ്രചരിപ്പിച്ചതിന് കണ്ണപുരം പൊലീസും, കമ്പി വേലി നിര്‍മ്മിച്ച് നല്‍കുന്നയാളെ അശ്ലീലം പറഞ്ഞ് നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ശ്രീകണ്ഠപുരം പൊലീസും തൊപ്പിക്കെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post