കൽപ്പറ്റ: സുൽത്താൻബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ് കള്ളക്കേസാണെന്ന് നേരത്തെ പറഞ്ഞിരുന്നെന്ന് കെ സുരേന്ദ്രൻ. ലീഗ് നേതാവിൻ്റെ പരാതിയിൽ രാഷ്ട്രീയ പ്രേരിതമായി എടുത്തതാണ് കേസ്. അന്വേഷണ ഏജൻസികളും ലോകായുക്തയും സർക്കാറിൻ്റെ വരുതിയിലാണ്. ഇപ്പോഴത്തെ ചോദ്യം ചെയ്യൽ സർക്കാറിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കോഴക്കേസിൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
2016ൽ എൻഡിഎ സ്ഥാനാർത്ഥി ആയിരുന്ന സി കെ ജാനുവിന് 2021ൽ സ്ഥാനാർത്ഥിയാവാൻ കോഴ കൊടുക്കണോയെന്ന് സുരേന്ദ്രൻ ചോദിച്ചു. ബത്തേരി കോഴ കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്നും സർക്കാരിൻ്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേസിനെ ബിജെപി നിയമപരവും രാഷ്ട്രീയയവുമായി നേരിടുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
എൻഡിഎ സ്ഥാനാർത്ഥിയാകാൻ സി കെ ജാനുവിന് കോഴ നൽകിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് കെ സുരേന്ദ്രനെ ചോദ്യം ചെയ്തത്. സുൽത്താൻബത്തേരി നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സി കെ ജാനുവിന് 50 ലക്ഷം രൂപ നൽകിയെന്നാണ് പരാതി. ഇതിൽ 10 ലക്ഷം 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും 40 ലക്ഷം സുൽത്താൻബത്തേരിയിൽ വെച്ചുമാണ് നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നൽകിയത്. ചോദ്യം ചെയ്യലിനായി സി കെ ജാനുവും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായിട്ടുണ്ട്. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലും ചോദ്യം ചെയ്യലിന് ഹാജരായി.
നേരത്തെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലും കെ സുരേന്ദ്രനെ പ്രതിചേർത്തിരുന്നു. സുരേന്ദ്രൻ ഉൾപ്പടെയുള്ള മുഴുവൻ പ്രതികൾക്കും കോടതി ഒക്ടോബറിൽ ജാമ്യം അനുവദിച്ചിരുന്നു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദരയ്യയ്ക്ക് പാരിതോഷികം നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ കുറ്റാരോപണം. രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും സുന്ദരയ്യയ്ക്ക് നൽകിയെന്നാണ് കേസ്. സുന്ദരയ്യ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി വി രമേശ് 2021 ജൂണിൽ ഇതിനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കെ സുരേന്ദ്രനടക്കം ആറ് പേർക്കെതിരെ കേസെടുത്തത്.
Discussion about this post