ചിക്കാഗോ: അമേരിക്കയിൽ വെടിയേറ്റ ഗർഭിണിയായ മലയാളി യുവതിയുടെ നില ഗുരുതരം. കോട്ടയം ഉഴവൂർ സ്വദേശിയായ മീരയ്ക്ക് നേരെ ഭർത്താവ് അമൽ റെജിയാണ് വെടിവെച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണം. ഏറ്റുമാനൂർ സ്വദേശിയായ അമൽ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
32 കാരിയായ മീര ലൂതറൻറ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് അടിയന്തര ശസ്ത്രക്രിയ ഇതിനകം നടത്തി. രണ്ട് തവണയാണ് അമൽ റെജി മീരയ്ക്ക് നേരെ വെടിയുതിർത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. തൊട്ടടുത്ത് നിന്നാണ് അമൽ വെടിയുതിർത്തത്.
ചിക്കാഗോയ്ക്ക് സമീപമുള്ള ഒരു പള്ളിയുടെ മുറ്റത്ത് വെച്ച് ഇന്നലെ രാത്രി 10 മണിയോടെ സംഭവമുണ്ടായത്. ഉടനെ പൊലീസെത്തി ആംബുലൻസിൽ മീരയെ ആശുപത്രിയിൽ എത്തിച്ചു. വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ല. അമലിൻറെ അറസ്റ്റും തുടർ നടപടികളും സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് പൊലീസ് നാളെ പുറത്തുവിടും. 2019 ലായിരുന്നു മീരയും അമലും തമ്മിലുള്ള വിവാഹം. ഇവർക്ക് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുണ്ട്. നിലവിൽ രണ്ട് മാസം ഗർഭിണിയാണ് മീര.
Discussion about this post