വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള ബിജെപി നേതാക്കളും മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ഇരുസംസ്ഥാനങ്ങളിലുമായി ക്യാമ്പ് ചെയ്യുകയാണ്.
മധ്യപ്രദേശിൽ ആഞ്ഞടിക്കുന്ന ബിജെപി കൊടുങ്കാറ്റ് കോൺഗ്രസിനെ വേരോടെ പിഴുതെറിയുമെന്ന് ഷാജാ പൂരിൽ ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. മധ്യപ്രദേശിൽ ബിജെപിക്ക് അനുകൂലമായി കൊടുങ്കാറ്റ് വീശും. ആ കൊടുങ്കാറ്റ് സംസ്ഥാനത്ത് നിന്ന് കോൺഗ്രസിനെ പിഴുതെറിയും. ഇത്തവണത്തെ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഒരു പുതിയ റിക്കാർഡ് സൃഷ്ടിക്കാൻ പോകുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, അനുരാഗ് സിങ് താക്കൂർ, സ്മൃതി ഇറാനി, ധർമ്മേന്ദ്രപ്രധാൻ, പ്രഹ്ലാദ് ജോഷി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയവരാണ് ബിജെപിയുടെ അവസാനവട്ട പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. മല്ലികാർജുൻ ഖാർഗെയും രാഹുലും പ്രിയങ്ക വാദ്രയുമാണ് കോൺഗ്രസിനുവേണ്ടി രംഗത്തുള്ളത്.
Discussion about this post