കോഴിക്കോട്: മാധ്യമ പ്രവർത്തക നൽകിയ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ എത്തിയ സുരേഷ്‌ഗോപിക്ക് പിന്തുണയുമായി നൂറ് കണക്കിന് പ്രവർത്തകരാണ് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളും സ്റ്റേഷനിൽ എത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, പി കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ ,ജില്ലാ പ്രസിഡന്റ് വികെ സജീവൻ അടക്കമുള്ള നേതാക്കൾ സുരേഷ് ഗോപി എത്തുന്നതിന് മുൻപ് തന്നെ സ്റ്റേഷനിൽ എത്തിയിരുന്നു.
സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത് മണിക്കൂറുകൾ നീണ്ടതോടെ പുറത്ത് കാത്ത് നിന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടങ്ങി. പ്രവർത്തകർ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. പിന്നാലെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് സുരേഷ് ഗോപിയെ പോലീസ് വിട്ടയക്കയുകയായിരുന്നു.
രാവിലെ 10.30-ന് സ്റ്റേഷനില്‍ എത്താനായിരുന്നു സുരേഷ് ഗോപിക്ക് പോലീസ് നല്‍കിയ നിര്‍ദേശം. തുടര്‍ന്ന്, സ്റ്റേഷന്‍ പരിസരത്ത് കനത്തസുരക്ഷയാണ് പോലീസ് ഒരുക്കിയത്. നടക്കാവ് ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ റാലി സ്റ്റേഷന്‍ പരിസരത്ത് പോലീസ് തടഞ്ഞതോടെ , മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ‘കോഴിക്കോട് എസ്.ജിയ്‌ക്കൊപ്പം’ എന്ന പ്ലക്കാര്‍ഡുയർത്തിയും, മുദ്രാവാക്യം വിളികളുമായാണ് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ തടിച്ച് കൂടിയത്. ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു
തനിക്ക് പിന്തുണയുമായെത്തിയവർക്ക് സ്റ്റേഷന് മുന്നിൽ വെച്ച് സുരേഷ് ഗോപി നന്ദി അറിയിച്ചാണ് മടങ്ങിയത് . ഹാജരാവാൻ നോട്ടീസ് നൽകിയാൽ വീണ്ടും ഹാജരാവുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകർ വ്യക്തമാക്കി.
Discussion about this post