മുംബൈ: ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യൻ ടീം ഫൈനലില്‍ പ്രവേശിച്ചു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് ഇന്ത്യൻ ജയം. 70 റണ്‍സിനാണ് ടീം ഇന്ത്യ വിജയക്കൊടി പാറിച്ചത്. ന്യൂസിലന്‍ഡിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് നേടിയത്. എന്നാൽ ഇന്ത്യയുടെ 397 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് അടിപതറി.
മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 48.5 ഓവറില്‍ 327 എല്ലാവരും പുറത്തായി. 9.5 ഓവറില്‍ 57ന് ഏഴ് വിക്കറ്റാണ് ഇന്ത്യൻ താരം ഷമി നേടിയത്. ഏഴ് വിക്കറ്റെടുത്ത ഷമിയാണ് കളിയിലെ താരം. ഇതോടെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന നേട്ടം ഷമി സ്വന്തമാക്കി. 23 വിക്കറ്റുകളാണ് സെമി വരെ താരം നേടിയത്.
മത്സരത്തില്‍ മൂന്ന് സെഞ്ച്വറികളും നിരവധി റെക്കോഡുകളും പിറന്നു. വിരാട് കോലി, ശ്രേയസ് അയ്യര്‍, ഡാരന്‍ മിച്ചല്‍ എന്നിർ സെഞ്ച്വറി തികച്ചു . ഏകദിനത്തിലെ സെഞ്ച്വറി നേട്ടത്തില്‍ വിരാട് കോലി സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നു. 50 സെഞ്ച്വറികള്‍ സ്വന്തം പേരില്‍ കുറിച്ച കോലി ചരിത്രനേട്ടമാണ് സ്വന്തമാക്കിയത് . ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോഡാണ് കോലി മറികടന്നത്. ഒരു ലോകകപ്പില്‍ 700 റണ്‍സിലേറെ നേടുന്ന ആദ്യതാരമായും കോലി മാറി.
കോലി(117)ക്ക് പുറമെ ശ്രേയസ് അയ്യറും (105) സെഞ്ച്വറി തികച്ചു. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി. ഇടയ്ക്ക് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ താരം അവസാന ഓവറില്‍ ക്രീസിലേക്ക് മടങ്ങിയെത്തിയിരുന്നു. പതിവ് പോലെ രോഹിത് ശര്‍മ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 29 പന്തില്‍ 47 റണ്‍സെടുത്താണ് താരം മടങ്ങിയത്. കെഎല്‍ രാഹുല്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കിവീസിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം
Discussion about this post