വിവാഹം പോലെ തന്നെ വിവാഹ മോചനവും ആഘോഷിക്കപ്പെടണം എന്ന് പറയുകയാണ് കൊല്ലം മയ്യനാട് സ്വദേശി സജാദ്.. തന്റെ വിവാഹ മോചനം കേക്ക് മുറിച്ചാണ് സജാദ് ആഘോഷിച്ചത്. മാത്രമല്ല വിവാഹത്തിന് എന്ന പോലെ ഫോട്ടോ ഷൂട്ടും ഉണ്ടായിരുന്നു. മാതാപിതാക്കൾക്കൊപ്പമാണ് കേക്ക് മുറിച്ചത്. ആരെയെങ്കിലും കുറ്റപ്പെടുത്താനോ മുറിവേൽപ്പിക്കാനോ അല്ല താൻ വിവാഹ മോചനം ഇങ്ങനെ ആഘോഷിച്ചതെന്നാണ് 24 കാരനായ സജാദ് പറയുന്നത്.
രണ്ട് മാസം മുൻപാണ് മയ്യനാട് സാഗരതീരം സുനാമി പുനരധിവാസ ഫ്ലാറ്റിൽ താമസിക്കുന്ന സജാദ് വിവാഹ മോചിതനായത്. താന്നി ബീച്ചിൽ വെച്ച് മാതാപിതാക്കൾക്കൊപ്പം കേക്ക് മുറിച്ച് വിവാഹ മോചനം ആഘോഷിക്കുകയും ചെയ്തു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വൻ വൈറലായി. 2022 ഓഗസ്റ്റിലായിരുന്നു വിവാഹം ഒരു മാസം മാത്രമാണ് ഇവർ ഒരുമിച്ച് ജീവിച്ചത്. വിവാഹത്തിന് ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറെ വിളിച്ച് വരുത്തിയാണ് വിവാഹ മോചന ആഘോഷത്തിന്റെ ഫോട്ടോസ് എടുത്തത്. മുടി നീട്ടി വളർത്തിയിരുന്ന സജാദ് വിവാഹമോചനം കോടതി അനുവദിച്ച ദിവസമാണ് വെട്ടിയത്.
ഒന്നിച്ച് പോകാൻ പറ്റില്ലെന്ന് ഉറപ്പായാൽ ആ ബന്ധത്തിൽ നിന്ന് ഇറങ്ങിനടക്കുന്ന ആളുകളുണ്ട്. വളരെ സമാധാനപരമായി തന്നെ ബന്ധം അവസാനിപ്പിച്ച് ജീവിതത്തിൽ മുന്നോട്ട്. ചിലർ പുതിയ വിവാഹത്തിലേക്ക് കടക്കും. എന്നാൽ പലരും വിചാരിക്കുന്നത് വിവാഹമോചനം എന്തോ മോശമായി കാര്യമാണെന്നാണ്. അങ്ങനെയല്ലെന്ന് കാണിക്കാനാണ് തന്റയീ ആഘോഷമെന്നും സജാദ് പറയുന്നു
Discussion about this post