ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീൽ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്ര സർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് അമ്മ നൽകിയ ഹർജി അപേക്ഷയായി സർക്കാരിന് നൽകാനും നിർദേശമുണ്ട്. അതേസമയം നിമിഷപ്രിയയുടെ അമ്മയുടെ ഹർജിയിൽ ഏഴ് ദിവസത്തിനകം തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു. പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്. നിമിഷപ്രിയ നൽകിയ അപ്പീലിൽ ഇളവ് അനുവദിക്കാൻ ഇനി യെമൻ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. യെമനിലേക്ക് പോകാൻ അനുമതി തേടിയാണ് നിമിഷ പ്രിയയുടെ അമ്മ ഹർജി സമർപ്പിച്ചത്. യെമനിലേക്ക് ആരൊക്കെയാണ് പോകുന്നതെന്നും, അവരെ വിടുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഒരാഴ്ച്ചയ്ക്കുള്ളിൽ അറിയിക്കണമെന്നും കോടതി നിർദേശിക്കുകയായിരുന്നു.
ഹൈക്കോടതി നേരത്തെ കേന്ദ്രത്തിന് നോട്ടീസ് അയക്കുകയും, വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് അപ്പീൽ തള്ളിയ കാര്യം കേന്ദ്രം ഹൈക്കോടിയെ അറിയിച്ചത്. 2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊലങ്കോട് സ്വദേശിനായി നിമിഷപ്രിയ യെമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ടയാളുടെ കുടുംബം ചർച്ചയ്ക്ക് തയ്യാറാണ്. 1.5 കോടി രൂപയാണ് ദയാധനമാണ് ഇവർ ആവശ്യപ്പെടുന്നത്.

