ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ഗവർണർ പോര് രൂക്ഷമാകുന്നു. സർക്കാരിന്റെ പരിഗണനയിലുള്ള 10 ബില്ലുകളാണ് തമിഴ്നാട് ഗവർണർ ആർ എൻ രവി മടക്കി അയച്ചത്. സർവകലാശാലകളുടെ ചാൻസിലർ പദവി പരിമിതപ്പെടുത്തുന്നതുൾപ്പെടെയുള്ള ബില്ലുകളാണ് ഇത്തവണ ഗവർണർ മടക്കിയയച്ചത്. മുൻ എഐഎഡിഎംകെ സർക്കാർ പാസാക്കിയ രണ്ട് ബില്ലും ഗവർണർ മടക്കിയയച്ചതിൽ ഉൾപ്പെടുന്നുണ്ട്. ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കുന്നില്ലെന്ന് കാണിച്ച് തമിഴ്നാട് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴാണ് ഗവർണറുടെ നടപടി. ബില്ലുകൾ അനാവശ്യമായി കാലതാമസം വരുത്തുന്നതിൽ പഞ്ചാബ്, തമിഴ്നാട് ഗവർണർമാർക്ക് സുപ്രീം കോടതി മുന്നറിയിപ്പ് . ബില്ലുകൾ വൈകിപ്പിക്കുന്നത് ആശങ്കാജനകമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഗവർണർ കളിക്കുന്നത് തീക്കളിയാണെന്ന് പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിനോട് കോടതി പറഞ്ഞിരുന്നു.
ബില്ലുകൾ തിരിച്ചയച്ചതിന് പിന്നാലെ സ്പീക്കർ എം അപ്പാവ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തു. ബില്ലുകൾ വീണ്ടും ഗവർണർക്ക് അയക്കുന്നതിന് വേണ്ടി ശനിയാഴ്ച നിയമസഭാ സമ്മേളനം ചേരുമെന്നും റിപ്പോർട്ടുണ്ട്. ഈ സംഭവത്തോടെ ബില്ലുകൾ ഒപ്പിടാൻ ഗവർണർ ആർ എൻ രവി നിർബന്ധിതനാവും എന്നാണ് സൂചന.
നേരത്തെ നീറ്റ് പരീക്ഷ ഒഴിവാക്കൽ ബില്ല് ഏറെക്കാലം പിടിച്ചുവച്ചതിന് ശേഷം തിരിച്ചയച്ചത് വിവാദമായിരുന്നു. നിയമസഭ വീണ്ടും ബിൽ പാസാക്കിയതിന് ശേഷമാണ് രാഷ്ട്രപതിക്ക് കൈമാറിയത്. കേരളവും ഗവർണർക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഗവർണർക്കെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി കഴിഞ്ഞ തവണ പരിഗണിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചിരുന്നു. ദീപാവലി അവധിക്കുശേഷം നവംബർ 20-ന് കേസ് വാദം കേൾക്കാനായി മാറ്റിയിരിക്കുകയാണ്. കേസിൽ അറ്റോർണി ജനറലോ സോളിസിറ്റർ ജനറലോ കോടതിയെ സഹായിക്കാൻ അന്നുണ്ടാവണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ വിഷയങ്ങൾക്ക് പുറമെ, സനാതന ധർമം അടക്കമുള്ള വിഷയങ്ങളിലും ഡിഎംകെയും ഗവർണറും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
Discussion about this post