ഡൽഹി: മധ്യപ്രദേശും, ഛത്തീസ്ഗഡ്‌ഡും ഇന്ന് പോളിംഗ്‌ബുത്തിലേക്ക്. ഇരു സംസ്ഥാനങ്ങളിലും ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മധ്യപ്രദേശിൽ 230 സീറ്റുകളിലും, ഛത്തീസ്ഗഢിൽ 70 നിയമസഭാ സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിൽ രണ്ടായിരത്തിലധികം പേരാണ് സ്ഥാനാർത്ഥികൾ ആയി മത്സര രംഗത്തുള്ളത്. ഛത്തീസ്ഗഢിൽ 19 ജില്ലകളിലായി 70 നിയമസഭാ സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 958 സ്ഥാനാർത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്.
മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥും മത്സരരംഗത്തുണ്ട്. മധ്യപ്രദേശിൽ ഇത്തവണയും ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാനത്ത് നടപ്പാക്കിയ കേന്ദ്ര-സംസ്ഥാന പദ്ധതികൾ മുൻനിർത്തിയാണ് ബിജെപി പ്രചാരണം നടത്തിയത് . അതെ സമയം സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മുൻനിർത്തിയാണ് കോൺഗ്രസ്സിന്റെ പ്രചാരണം .ബുധ്‌നി മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ശിവരാജ് സിങ് ചൗഹാനെതിരെ കോൺഗ്രസ്സിൽ നിന്നും നടൻ വിക്രം മസ്തൽ ആണ് മത്സരിക്കുന്നത്
ഛത്തീസ്ഗഢിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, എട്ട് സംസ്ഥാന മന്ത്രിമാർ, നാല് പാർലമെന്റ് അംഗങ്ങൾ തുടങ്ങിയ രാഷ്ട്രീയ പ്രമുഖർ മത്സരരംഗത്തുണ്ട്. മുതിർന്ന കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേൽ തന്റെ അനന്തരവനും ബിജെപി നേതാവായ വിജയ് ബാഗേലിനെതിരെയാണ് മത്സരിക്കുന്നത്
അതെ സമയം കഴിഞ്ഞദിവസം ഛത്തീസ്ഗഡിലെ ധംതാരി മേഖലയിൽ നക്‌സലൈറ്റുകൾ സ്ഫോടനം നടത്തിയ പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട് .ഭീകരവാദികൾ തീവ്രത കുറഞ്ഞ രണ്ട് ഐഇഡി സ്‌ഫോടനങ്ങൾ നടത്തിയതായി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്
Discussion about this post