ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ 40 തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. അപകടമുണ്ടായിട്ട് 120 മണിക്കൂർ കഴിഞ്ഞു. ശക്തമായ യന്ത്രം ഉപയോഗിച്ച് രാത്രി മുഴുവൻ നടത്തിയ പരിശ്രമത്തെത്തുടർന്ന് അവശിഷ്ടങ്ങൾക്കിടയിലൂടെ, തകർന്ന സിൽക്യാര ടണലിന്റെ 21 മീറ്റർ വരെ തുരന്നിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ സമീപത്തേക്കെത്തിക്കാൻ 60 മീറ്റർ വരെ തുരക്കേണ്ടതുണ്ട്.
അതിനുശേഷം 800 മില്ലീമീറ്ററും 900 മില്ലീമീറ്ററും വ്യാസമുള്ള പൈപ്പുകൾ ഒന്നിന് പുറകെ ഒന്നായി തുരങ്കത്തിലേക്ക് തിരുകിക്കയറ്റും. ഇതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നീക്കം. സിൽക്യാര തുരങ്കത്തിന്റെ പ്രവേശന ഭാഗത്തു നിന്ന് 270 മീറ്റർ അകലെ വരെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിക്കിടക്കുകയാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ സുരക്ഷിതരാണെന്നും അവരുടെ മനോവീര്യം നിലനിറുത്താൻ അവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഉത്തരകാശി ജില്ലാ കലക്ടർ അഭിഷേക് റൂഹേല പറഞ്ഞു. ഓക്സിജനും മരുന്നുകളും ഭക്ഷണവും വെള്ളവും പൈപ്പുകളിലൂടെ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ നാലുമണിക്കാണ് തുരങ്കം തകർന്നത്. നാലര കിലോമീറ്റർ വരുന്ന ടണലിന്റെ 150 മീറ്റർ ഭാഗമാണ് തകർന്നത്. സിൽക്യാരയെ ദണ്ഡൽഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട തുരങ്കം.
തുരങ്കത്തിന്റെ ഒരുഭാഗം തകർന്നതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. തൊഴിലാളികളെ രക്ഷിക്കാൻ തായ്ലൻഡ്, നോർവെ എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരും രക്ഷാദൗത്യത്തിൽ സജീവമാണ്.
Discussion about this post